പത്തനംതിട്ട: ജില്ല സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച മൈലപ്രയിൽ തിരിതെളിയും. 160ഓളം ഇനങ്ങളിൽ അയ്യായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കും. സംസ്കൃതോത്സവും അറബിക് സാഹിത്യോത്സവും ഇതോടൊപ്പം നടക്കും. മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളാണ് മുഖ്യവേദി. എസ്.എച്ച്.എച്ച്. എസ്.എസ് മൈലപ്ര, എസ്.എൻ.വി.യു.പി സ്കൂൾ കുമ്പഴ വടക്ക്, എസ്.എച്ച്.ടി.ടി.ഐ മൈലപ്ര, എം.എസ്.സി. എൽ.പി.എസ് മൈലപ്ര, എൻ.എം.എൽ.പി.എസ് മൈലപ്ര എന്നിവിടങ്ങളിലെ 11 വേദിയിലായാണ് മത്സരങ്ങൾ നടക്കുന്നത്. ബുധനാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ വി. രാജു പതാക ഉയർത്തും.
10ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജേക്കബ് എബ്രഹാം കലാമേളകളുടെ ഉദ്ഘാടനം നിർവഹിക്കും.
കലക്ടർ എ. ഷിബു സുവനീർ പ്രകാശനം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ലോഗോ തയാറാക്കിയ കുട്ടിക്ക് സമ്മാനം കൈമാറും. ഒമ്പതിന് വൈകീട്ട് ആറിന് സമാപന സമ്മേളനം. വാർത്തസമ്മേളനത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ വി. രാജു, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ടി.എച്ച്. ഹാഷിം, ഫ്രെഡി ഉമ്മൻ, റെജി ചാക്കോ, കെ.എം. ഹബീബ്, റോയി വർഗീസ്, സജി അലക്സാണ്ടർ, റെജി എബ്രഹാം എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട: മൈലപ്രയില്‍ നടക്കുന്ന ജില്ല കലോത്സവത്തിന് പ്രധാന വേദിയായി അണ് എയ്ഡഡ് വിദ്യാലയം തെരഞ്ഞെടുത്ത് തീര്‍ത്തും അനുചിതമാണെന്ന് എ.കെ.എസ്.ടി.യു (ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍) ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താൻ പരിശ്രമവുമായി വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കലോത്സവത്തിന്റെ പ്രധാന വേദിയായി പൊതുവിദ്യാലയം തെരഞ്ഞെടുക്കുന്നതിന് അധികൃതര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.
ജില്ല പ്രസിഡന്റ് പി.കെ. സുശീല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. തന്‍സീര്‍, ജോ. സെക്രട്ടറി റെജി മലയാലപ്പുഴ, പി.ടി. മാത്യു, ട്രഷറര്‍ അരുണ്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.