പത്തനംതിട്ട: ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഏഴിനു രാവിലെ 10.30ന് നടക്കും. കലക്ടർ എസ്. പ്രേംകൃഷ്ണൻ വരണാധികാരിയായിരിക്കും. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐയിലെ രാജി പി. രാജപ്പൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനേ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. കേരള കോൺഗ്രസ് എമ്മിലെ ജോർജ് ഏബ്രഹാം എൽ.ഡി.എഫ് സ്ഥാനാർഥിയാകും.
ജോർജ് എബ്രഹാമിന്റെ സ്ഥാനാർഥിത്വം പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം പാർട്ടി ചെയർമാൻ ജോസ് കെ. മാണി അംഗീകരിച്ച് പ്രഖ്യാപിച്ചതായി ജില്ല പ്രസിഡന്റ് സജി അലക്സ് അറിയിച്ചു.
ഇതാദ്യമായാണ് കേരള കോൺഗ്രസ് എം പ്രതിനിധി ജില്ല പഞ്ചായത്ത് പ്രസിഡന്റാകുന്നത്. എൽ.ഡി.എഫ് ധാരണ പ്രകാരം അവസാന ഒരുവർഷമാണ് കേരള കോൺഗ്രസിന് അധ്യക്ഷ സ്ഥാനം വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ ആദ്യ മൂന്നുവർഷം അധ്യക്ഷനായ സി.പി.എം പ്രതിനിധി ഓമല്ലൂർ ശങ്കരന്റെ രാജി വൈകിയതോടെ സി.പി.ഐ പ്രതിനിധി രാജി പി. രാജപ്പന് കഴിഞ്ഞ മാർച്ചിലാണ് പ്രസിഡന്റു സ്ഥാനം ലഭിച്ചത്. രാജി പി. രാജപ്പൻ രണ്ടാഴ്ച മുമ്പാണ് രാജിവെച്ചത്. നിലവിൽ വൈസ് പ്രസിഡന്റ് ബീനാ പ്രഭയ്ക്കാണ് ചുമതല. അടുത്ത ഡിസംബറിൽ പുതിയ ഭരണസമിതി അധികാരത്തിലെത്തും. നവംബറോടെ ഇപ്പോഴത്തെ ഭരണസമിതി ചുമതല ഒഴിയും.
റാന്നി ഡിവിഷനെയാണ് ജോർജ് ഏബ്രഹാം പ്രതിനിധീകരിക്കുന്നത്. കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റുമാണ്. കേരള കോൺഗ്രസ് എമ്മിന് രണ്ട് പ്രതിനിധികളാണ് ജില്ല പഞ്ചായത്തിലുള്ളത്.
ഇവരുൾപ്പെടെ എൽ.ഡി.എഫിന് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസിന് നാല് അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എമ്മിന് ഏഴംഗങ്ങളുണ്ടെങ്കിലും അധ്യക്ഷ സ്ഥാനം അവസാന രണ്ടുവർഷം ഘടകകക്ഷികൾക്കു നൽകാൻ ആദ്യമേ ധാരണയുണ്ടായിരുന്നു.
വൈസ് പ്രസിഡന്റു സ്ഥാനം ആദ്യത്തെ മൂന്നുവർഷം ഓരോ വർഷം വീതം ഘടകക്ഷികളായ സി.പി.ഐ, ജനതാദൾ -എസ്, കേരള കോൺഗ്രസ് -എം എന്നിവർക്കു ലഭിച്ചു. അവസാന രണ്ടുവർഷം വൈസ് പ്രസിഡന്റു സ്ഥാനം സി.പി.എമ്മിനാണ്. കേരള കോൺഗ്രസ് എം പ്രതിനിധിയായിരുന്ന മായ അനിൽ കുമാർ വൈസ് പ്രസിഡന്റു സ്ഥാനം നേരത്തെ ഒഴിഞ്ഞിരുന്നതിനാൽ സി.പി.എം പ്രതിനിധിയായ ബീനാ പ്രഭ ഒരുവർഷം മുമ്പ് ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.