പത്തനംതിട്ട: സമ്പൂർണ രക്ഷാകർതൃ ശാക്തീകരണ ജില്ലയായി മാറാൻ ‘കരുതലാകാം കരുത്തോടെ’ എന്ന പദ്ധതിയുമായി ജില്ല പഞ്ചായത്ത്. ലഹരി വസ്തുക്കളുടെ ഉപയോഗം, അക്രമവാസന എന്നിവയെ നേരിടാനും മാനസിക ആരോഗ്യത്തോടെ കൗമാരക്കാരെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് രക്ഷാകർതൃ ശാക്തീകരണത്തിൽ അധിഷ്ഠിതമായ സമഗ്രകർമ പരിപാടിയാണ് ജില്ല പഞ്ചായത്ത് തയാറാക്കിയിട്ടുള്ളത്.
ഉത്തരവാദിത്വബോധമുള്ള സമൂഹത്തെ രൂപപ്പെടുത്തുകയും, പുതിയ കാലത്തെ മാറ്റങ്ങൾ അഭിമുഖീകരിക്കാൻ അധ്യാപകരെയും രക്ഷിതാക്കളെയും ശക്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്കൂളുകളിലെ പ്രഥമാധ്യാപകരുടെയും രക്ഷാകർതൃപ്രതിനിധികളുടെയും പരിശീലനം നടന്നു.
ജില്ലയിലെ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തി ജൂൺ, ജൂലൈ മാസങ്ങളിൽ വിപുലമായ അവബോധ പ്രവർത്തനങ്ങളും രക്ഷാകർതൃ പരിശീലനവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ പി.ടി.എകൾക്കും ബോധവൽക്കരണ ക്ലാസുകൾ നൽകും. പ്രാരംഭ നടപടിയായി ജില്ലയിലെ ഹൈസ്കൂൾ പ്രഥമാധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും യോഗം നടന്നു. ഓരോ സ്കൂളിലെയും തെരഞ്ഞെടുത്ത അധ്യാപകന് നൽകുന്ന ബോധവൽക്കരണ പരിശീലന ശിൽപശാല 12ന് കോഴഞ്ചേരിയിൽ നടക്കും.
ജൂൺ, ജൂലൈ മാസത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ശേഷം സവിശേഷ പിന്തുണ നൽകേണ്ട കുട്ടികളെ കണ്ടെത്തും. എൽ.പി, യു.പി ക്ലാസുകളിലെ രക്ഷിതാക്കളെ കൂടി പദ്ധതിയുടെ ഭാഗമാക്കും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനം വരെ നീളുന്ന പ്രവർത്തന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ‘കരുതലാകാം കരുത്തോടെ’ എന്ന സമഗ്ര രക്ഷാകർതൃ ശാക്തീകരണ പദ്ധതിയുടെ ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന് നൽകി പ്രകാശിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാകിരൺ ജില്ല കോഓഡിനേറ്റർ എ.കെ. പ്രകാശും പങ്കെടുത്തു. ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിനിയായ മാവേലിക്കര സ്വദേശിനി അനന്യ ബി. നായരാണ് ലോഗോ രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.