ചക്ക മൂല്യവർധിത ഉൽപന്ന നിര്‍മാണ മേഖലയുടെ വികസനം തൊട്ടരികെ...

പത്തനംതിട്ട: ജില്ല കൃഷി വിജ്ഞാന കേന്ദ്രവും മേഘാലയ ഭക്ഷ്യസംസ്‌കരണ മന്ത്രാലയവും ചക്ക അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാങ്കേതികവിദ്യ വികസനവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട് ധാരണപത്രത്തില്‍ ഒപ്പുവെച്ചു.

ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിനെ പ്രതിനിധീകരിച്ച് സി.പി. റോബര്‍ട്ട് ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ലിങ്‌ദോ സുയാമും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ഈ ഉടമ്പടി മേഘാലയയിലെ ചക്ക ഉൽപന്ന നിര്‍മാണമേഖലയുടെ സമഗ്രവികസനത്തിന് ആവശ്യമായുള്ള സാങ്കേതികവിദ്യ വികസനം, പ്രധാന പരിശീലകരുടെ ശാക്തീകരണം, ചക്ക അധിഷ്ഠിത ഉല്‍പന്നങ്ങളുടെ സാധ്യതകളെ പറ്റിയുള്ള ബഹുജന ബോധവത്കരണം, നാനോ മൈക്രോ ചെറുകിട സംരംഭങ്ങളുടെ ആരംഭവുമാണ് ലക്ഷ്യമിടുന്നതെന്ന് ഹോര്‍ട്ടികള്‍ച്ചർ സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ റിന്‍സി കെ.എബ്രഹാം പറഞ്ഞു. മേഘാലയിലെ സൗത്ത് ഗാരോ ഹില്‍സ്, ഈസ്റ്റ് ഖാസി ഹില്‍സ് എന്നീ ജില്ലകളില്‍ വ്യാപകമായി പ്ലാവ് വളരുകയും ഉല്‍പാദനം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ചക്കയുടെ ഉപയോഗ സാധ്യതകളെപ്പറ്റിയുള്ള അവബോധം ഇല്ലായ്മ ചക്കകള്‍ ഉപയോഗിക്കാതെ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഈ ജില്ലകളിലെ പ്ലാവുകളുടെ സര്‍വേ, ജിയോ ടാഗിങ്, ചക്കയുടെയും ചക്ക അധിഷ്ഠിത മൂല്യവർധിത ഉല്‍പന്നങ്ങളുടെയും വിപണനം എന്നിവയും സാധ്യമാക്കുന്നതിന് സഹായകരമായ സോഫ്റ്റ് വെയര്‍ വികസനവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

മുന്‍കാലങ്ങളില്‍ മേഘാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ട്രപ്രണര്‍ഷിപ് തെരഞ്ഞെടുത്ത 40 സംരംഭകര്‍ക്ക് കൃഷിവിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

മേഘാലയ ജാക്ക് മിഷന്‍ രൂപവത്കരിക്കുന്നതിനും കൃഷി വിജ്ഞാനകേന്ദ്രം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മേഘാലയിലെ ചക്ക മൂല്യവർധിത ഉൽപന്ന നിര്‍മാണ മേഖലയുടെ സമ്പൂര്‍ണ വികസനത്തിന് ഈ ഉടമ്പടി സഹായകരമാകുമെന്ന് മേഘാലയ ഭക്ഷ്യസംസ്‌കരണ മന്ത്രാലയം ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ലിങ്‌ദോ സുയാം പറഞ്ഞു. ചടങ്ങില്‍ അസി. ഡയറക്ടര്‍ കാര്‍ഡ് റവ. മോന്‍സി വര്‍ഗീസ് , കാര്‍ഡ് ട്രഷറര്‍ മോഡി പി.ജോര്‍ജ്, പ്രോഗ്രാം അസി. ബിനു ജോണ്‍, പ്രോജക്ട് മാനേജര്‍, എസ്.ആര്‍.സി ഗിപ്തി മോഹന്‍ എന്നിവര്‍ സംസാരിച്ചു.

News Summary - Development of jackfruit Value Added Products Manufacturing Sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.