വെള്ളക്കെട്ട് പതിവായ മങ്ങാരം ഭാഗത്തെ റോഡ്
പന്തളം: റോഡ് നവീകരണത്തിന്റെ ഭാഗമായി ഓടയും നടപ്പാതയും നിർമിച്ചതിലെ അപാകത കാരണം വേനൽമഴയിൽ റോഡുകളിൽ വെള്ളക്കെട്ട് പതിവായി. പന്തളം മാവേലിക്കര റോഡിൽ മങ്ങാരം, തേവാരപ്പടി, കുന്നിക്കുഴി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.
റോഡിന് ഇരുവശത്തുമുണ്ടായിരുന്ന ഓടയുടെ മുകളിൽ നടപ്പാത നിർമിച്ചപ്പോൾ വെള്ളം ഒഴുകാൻ ആവശ്യമായ സജ്ജീകരണം ചെയ്യാത്തതാണ് വിനയായത്. പന്തളം ജങ്ഷന് പടിഞ്ഞാറുവശം ഉണ്ടായിരുന്ന റോഡിലെ വെള്ളക്കെട്ട് ഇപ്പോൾ രൂക്ഷമായി. വെള്ളം ഒഴുകുന്ന ഓട മാലിന്യം കയറി അടയുന്നതുമൂലമാണ് വെള്ളക്കെട്ട് ഉണ്ടാവുന്നത്. മാവേലിക്കര റോഡിൽ ഇരുവശവും നടപ്പാത ഉയർത്തി നിർമിച്ചതോടെ റോഡിന് വീതി കുറഞ്ഞു. വെള്ളക്കെട്ടുകൂടി രൂപപ്പെട്ടതോടെ യാത്ര ദുരിതമായി.
പന്തളം- മാവേലിക്കര റോഡ് നിർമാണത്തിലെ അശാസ്ത്രീയതമൂലം മുട്ടാർ- ഇടത്തറ ഭാഗത്തേക്കുള്ള രണ്ട് റോഡുകൾ വെള്ളത്തിൽ മുങ്ങി. അശാസ്ത്രീയമായ ഓട നിർമാണത്തെക്കുറിച്ച് കെ.എസ്.ടി.പിക്ക് നാട്ടുകാർ പരാതി നൽകി. പ്രധാന റോഡിൽനിന്ന് രണ്ടടിയോളം താഴ്ചയിലാണ് ഇടറോഡുകളുള്ളത്.
അതുകൊണ്ടുതന്നെ പെയ്യുന്ന മഴവെള്ളം ഇടറോഡിൽ കെട്ടിക്കിടക്കുകയാണ്. ഇരുവശത്തും മതിൽകെട്ടുകളും ഇടറോഡുകൾ ടാറും ചെയ്തതതിനാൽ ഈ വെള്ളം വറ്റിപ്പോകാൻ സാധ്യത കുറവാണ്. റോഡിന് ഇരുവശത്തുമുണ്ടായിരുന്ന ഓടയുടെ മുകളിൽ നടപ്പാത നിർമിച്ചപ്പോൾ വെള്ളം ഒഴുകാനാവശ്യമായ സജ്ജീകരണം ചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.