പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളില്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയൊപ്പ് വ്യക്തമായി തെളിഞ്ഞുകാണാം. അദ്ദേഹം ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ജില്ല സ്റ്റേഡിയത്തിനായി 25 ലക്ഷം രൂപ അനുവദിച്ചത്. പത്തനംതിട്ടയുടെ കായിക വികസനത്തിന് തുടക്കംകുറിച്ച ഈ പദ്ധതി. പക്ഷേ, കാര്യക്ഷമമായി ഉപയോഗിക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല. പാര്‍ട്ടി സമ്മേളനങ്ങളും സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചുള്ള സ്വയം പുകഴ്ത്തല്‍ പരിപാടികളും നടത്തി ജില്ല സ്റ്റേഡിയം ഉഴുതുമറിച്ച വയല്‍പോലെയായി.
കെ.കെ. നായരുടെ ബുദ്ധിവൈഭവത്തില്‍ ഉദയംചെയ്ത പദ്ധതിയാണ് റിങ് റോഡ്. നഗര വികസനത്തിന് ഏറെ തുണയായ ഈ പാത പിന്നീട് നഗരസഭക്ക് ഉണ്ടാക്കിയത് വന്‍ സാമ്പത്തിക ബാധ്യത. ഉമ്മന്‍ ചാണ്ടിയാണ് പാത പി.ഡബ്ല്യു.ഡിയെ കൊണ്ട് ഏറ്റെടുപ്പിച്ച് നഗരസഭയുടെ ബാധ്യത ഒഴിവാക്കിയത്. തിരുവല്ല ബൈപാസിനുള്ള അനുമതിയും ഉമ്മൻ ചാണ്ടിയുടെ കാലത്താണ് ലഭിച്ചത്.
കോഴഞ്ചേരി: പള്ളിയോട സേവാസംഘത്തിനും മൂലൂര്‍ സ്മാരക കേന്ദ്രത്തിനും ഉമ്മന്‍ ചാണ്ടിയുടെ കൈയൊപ്പ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് പ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയുടെ സംഘാടകരായ പള്ളിയോട സേവാസംഘത്തിനുള്ള സംസ്ഥാന സര്‍ക്കാർ ഗ്രാന്റ് രണ്ടുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിച്ച് ഉത്തരവായതെന്ന് പള്ളിയോട സേവാസംഘം മുന്‍പ്രസിഡന്റ് കെ. വി. സാംബദേവന്‍ പറഞ്ഞു.
2012ലെ ജലമേളയിലെ മുഖ്യാതിഥിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാന്‍ താനും അന്നത്തെ ആറന്മുള എം.എൽ.എയായിരുന്ന കെ. ശിവദാസന്‍നായരും കൂടിയാണ് ഔദ്യോഗിക വസതിയില്‍ എത്തിയത്. പള്ളിയോട സേവാസംഘത്തിന്റെ വാര്‍ഷിക ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന നിവേദനം സമര്‍പ്പിച്ചപ്പോള്‍തന്നെ നടപടിയെടുക്കുകയായിരുന്നു.
മുഖ്യമന്ത്രിയോടൊപ്പം ജലമേളയില്‍ പങ്കെടുത്ത മറ്റൊരു വിശിഷ്ടാതിഥിയായിരുന്നു അന്നത്തെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചേലൂര്‍. ഇരുവരും പ്രോട്ടോക്കോളില്‍ തുല്യരായിരുന്നെങ്കിലും ചീഫ് ജസ്റ്റീസ് പൊതുയോഗം ഉദ്ഘാടനം ചെയ്യട്ടേയെന്നും താന്‍ ജലമേള ഉദ്ഘാടനം ചെയ്യാമെന്നുമുള്ള നിര്‍ദേശം മുന്നോട്ടുവച്ചതും ഉമ്മന്‍ ചാണ്ടിയാണ്. ആറന്മുളയുമായി ബന്ധപ്പെട്ട പല വികസന പ്രവര്‍ത്തനങ്ങളിലും മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സഹായം ലഭിച്ചു. വികസന പദ്ധതിയെന്ന നിലയിൽ ആറന്മുള വിമാനത്താവളത്തെ പിന്തുണച്ച മുഖ്യമന്ത്രി പിന്നീട് വിവാദങ്ങൾ ഏറിയതോടെ കടുംപിടിത്തം വേണ്ടെന്ന നിലപാടിലേക്ക് മാറി.
ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകത്തിന് ഓഫിസ് കം കോംപക്ല് നിര്‍മിച്ചതും ഗ്രാന്റ് വര്‍ധിപ്പിച്ചതും ഉമ്മന്‍ ചാണ്ടിയാണ്. ഇലന്തൂരിലെ സർക്കാർ കോളജിന് അനുമതി നൽകിയതും ഇക്കാലയളവിലാണ്.
വി.എസ്. അച്യുതാനന്ദന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ആഹ്വാനംചെയ്ത വെട്ടിനിരത്തല്‍ സമരത്തിന് തുടക്കമിട്ടത് പത്തനംതിട്ടയിലെ മാന്തുകയിലായിരുന്നു. ഇതിനെതിരെ ഇവിടെയെത്തി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഉമ്മന്‍ ചാണ്ടി വെട്ടിനിരത്തല്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ടു. അച്യുതാനന്ദന്റെ മൂർച്ഛയേറിയ സമരായുധത്തെ തടുക്കാന്‍ ഉമ്മന്‍ ചാണ്ടി തൊടുത്തുവിട്ട പ്രക്ഷോഭം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമല്ല യു.ഡി.എഫിനെ പൂര്‍ണമായി പ്രതിഷേധത്തിലേക്ക് നയിക്കാന്‍ പ്രേരിതരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.