അഴൂരിൽ തോട്ടിലേക്ക് മറിഞ്ഞ ഓട്ടോ
പത്തനംതിട്ട: അഴൂർ ജങ്ഷനിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായിപോയ ഓട്ടോ 15 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വള്ളിക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത്താണ് അപകടമുണ്ടാക്കിയത്.
ഇയാൾ മദ്യപിച്ചിരുന്നതായും പറയുന്നു. അഴൂർ ജങ്ഷനിൽ കോന്നി പ്രമാടം ഭാഗത്തുനിന്ന് വന്ന മറ്റൊരു ഓട്ടോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽനിന്ന് തെന്നിമാറിയ ഓട്ടോ യാത്രക്കാരുമായി തോട്ടിലേക്ക് മറിയുകയായിരുന്നു. അഗ്നിരക്ഷസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. അപകടമുണ്ടാക്കിയശേഷം നിർത്താതെപോയ ഓട്ടോ പിന്നീട് കൊടുന്തറ വെച്ച് പൊലീസ് കസ്റ്റിഡിയിലെടുത്തു.
കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി മടങ്ങിവന്ന വള്ളിക്കോട് കോട്ടയം സ്വദേശികളായ അനിലും ഭാര്യ സ്മിതയും സഞ്ചരിച്ച ഓട്ടോയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ, ഡ്രൈവർ ജോൺസണെ കോട്ടയം മെഡി. കോളജിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ രഞ്ജിത്തും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വൈകീട്ട് ക്രെയിൻ ഉപയോഗിച്ചാണ് ഓട്ടോ തോട്ടിൽനിന്ന് എടുത്തുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.