പന്തളം: ചിത്രകല ഗുരുവായ ആർട്ടിസ്റ്റ് വി.എസ്. വല്യത്താന്റെ ഓർമക്കായി ശിഷ്യരും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഗാലറി ഒരുക്കി. പന്തളം മണികണ്ഠനാൽത്തറക്ക് സമീപം ഒരുക്കിയ ഗാലറി ശനിയാഴ്ച രാവിലെ 10ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തിന്റെ ഭാഗമായി ചിത്രകാരന്മാർ പങ്കെടുക്കുന്ന ചിത്രരചന ക്യാമ്പും പന്തളം എമിനൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഗാലറിയുടെ ഡയറക്ടറും വല്യത്താന്റെ മകനുമായ കണ്ണൻ ചിത്രശാല അധ്യക്ഷതവഹിക്കും.
ചായങ്ങളിൽ വെളിച്ചവും ഇരുട്ടുംസൃഷ്ടിച്ച പ്രതിഭ
രവിവർമ ശൈലിയുടെ സവിശേഷതകൾ ആർജിച്ച് ചിത്രരചന നടത്തിയ കലാകാരനായിരുന്നു വട്ടപ്പറമ്പിൽ ശങ്കരൻ വല്യത്താനെന്ന ആർട്ടിസ്റ്റ് വി.എസ്. വല്യത്താൻ. വെളിച്ചം-നിഴൽ എന്ന ചിത്രഭാഷ ഉപയോഗിക്കുന്നതിലെ കഴിവ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും തെളിഞ്ഞുകാണാം. ചായങ്ങൾകൊണ്ട് വെളിച്ചവും ഇരുട്ടും സൃഷ്ടിക്കാനുള്ള പാടവം പ്രകടമാക്കുന്നതും സ്ത്രീ സൗന്ദര്യത്തെ അതിന്റെ പൂർണരൂപത്തിൽ കാഴ്ചക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ വരയിലെ സവിശേഷതയായിരുന്നു.
മോഡലുകളെ ഉപയോഗിക്കാതെ മനസ്സിൽ വിരിയുന്ന മുഖങ്ങളും പ്രകൃതി ഭംഗികളും കഥകളും കാൻവാസിലേക്ക് പകർത്തുമ്പോൾ അനാട്ടമി തെറ്റാതെ അവ ജീവനുള്ളവയായി മാറുന്നു. ഛായാചിത്രങ്ങളെക്കാൾ അദ്ദേഹം തന്റെ കഴിവുതെളിയിച്ചതും വിഷയാധിഷ്ഠിത ചിത്രങ്ങളുടെ രചനയിലാണ്. ചിത്രങ്ങൾക്ക് യോജിക്കുന്നതരത്തിൽ പിന്നിലെ ദൃശ്യങ്ങൾ വരച്ചുചേർക്കുന്നതിലും അദ്ദേഹം വ്യത്യസ്തത പുലർത്തി.
പന്തളം കൊട്ടാരത്തിലെ അംഗവും വ്യാകരണ പണ്ഡിതനും സംസ്കൃത നിപുണനുമായ രേവതിനാൾ രാമവർമ തമ്പുരാന്റെയും തോട്ടത്തിൽ മാധവിയമ്മയുടെയും മകനായി ജനിച്ച വല്യത്താൻ പന്തളം പുത്തൻവീട്ടിൽ പി.കെ. ഗോപാലപിള്ളയുടെ ശിഷ്യനായി. ജീവിതാവസാനംവരെ വരയുടെ ലോകത്ത് വിരാചിച്ച ചിത്രകാരനെത്തേടി അംഗീകാരങ്ങളെത്തിയത് അവസാന നാളുകളിലാണ്.
1996ൽ കേരള ചിത്രകല പരിഷത്തിന്റെ ഫെലോഷിപ്പും 2002ൽ കേരള ലളിതകല അക്കാദമിയുടെ ചിത്രകല പുരസ്കാരവും ഏറ്റുവാങ്ങി. 2006ൽ 86മത്തെ വയസ്സിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരുലക്ഷം രൂപയുടെ രാജാരവിവർമ പുരസ്കാരം ഏറ്റുവാങ്ങാൻ നിൽക്കാതെ ക്ലാസിക് കലയുടെ കാരണവർ ജൂൺ 21ന് വരയുടെ ലോകത്തുനിന്ന് വിടവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.