ആര്യ ആനി സ്കറിയ, സരിൻ പി. സാബു
പത്തനംതിട്ട: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാനും കൈമാറാനും ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. പെരുമ്പെട്ടി വലിയകുളം, പാണ്ട്യത്ത് വീട്ടിൽ ആര്യ ആനി സ്കറിയ (23), റാന്നി പഴവങ്ങാടി ഐത്തല, പുത്തൻപുരയ്ക്കൽ വീട്ടിൽ സരിൻ പി. സാബു (27) എന്നിവരാണ് സംസ്ഥാനവ്യാപകമായി നടന്ന സൈ ഹണ്ടിൽ അറസ്റ്റിലായത്.
തടിയൂർ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ പ്രതിയുടെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സൈബർതട്ടിപ്പ് കുറ്റക്യത്യങ്ങളിലെ കണ്ണിയായി പ്രവർത്തിച്ച് പലരുടെ അക്കൗണ്ടിൽ നിന്ന് പണം സ്വരൂപിച്ച് മറ്റ് പ്രതികൾക്ക് അയച്ചു കൊടുക്കുകയും കമീഷൻ തുക കൈപ്പറ്റിയുമാണ് ആര്യ തട്ടിപ്പ് നടത്തിയിരുന്നത്. റെയ്ഡിന്റെ ഭാഗമായി കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയിൽ കോയിപ്രം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ. രാജീവ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റാന്നി പൊലീസ് അറസ്റ്റ് ചെയ്ത സരിൻ റാന്നി ഇന്ത്യൻ ഓവർസീസ് ബാങ്ക്ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സാമ്പത്തിക കുറ്റവാളി സംഘത്തിൽ അംഗമായി പലരുടെ അക്കൗണ്ടിൽ നിന്ന് പണം സ്വരൂപിച്ച് പ്രതിയുടെ അക്കൗണ്ടിൽ സൂക്ഷിച്ചശേഷം ക്യാഷ് വിത്ത്ഡ്രോവൽ സ്ലിപ്പ് ഉപയോഗിച്ച് പണം പിൻവലിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 85,000 രൂപയോളം ഇത്തരത്തിൽ പിൻവലിച്ചിട്ടുണ്ട്. റാന്നി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. മനോജ് കുമാർ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റെയ്ഡിൽ എസ്.ഐ കവിരാജ്, എ.എസ്.ഐ ബിജുമാത്യു, ,സി.പി.ഒ നിതിൻ എന്നിവരും പങ്കെടുത്തു. പ്രതിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും, കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്ത ആര്യയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.