പതിവുതെറ്റാതെ അഗസ്ത്യാർകൂടം ഗോത്രസംഘം

ശബരിമല: അഗസ്ത്യാർകൂടത്തിന്റെ മടിത്തട്ടിൽനിന്ന് വ്രതശുദ്ധിയോടെ ശേഖരിച്ച കാഴ്ചദ്രവ്യങ്ങൾ കാണിഗോത്ര പ്രതിനിധികൾ അയ്യപ്പന് സമർപ്പിച്ചു. തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽനിന്ന് എത്തിയ 167 പേരടങ്ങുന്ന സംഘമാണ് പതിവുതെറ്റിക്കാതെ ഇത്തവണയും മലചവിട്ടി ദർശനസായുജ്യം നേടിയത്.

സംഘനേതാവ് വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 27 കുട്ടികളും 14ഓളം മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലായാണ് പമ്പയിലെത്തിയത്. അയ്യപ്പൻ എന്നു പേരുള്ള ഇരുകാലും ഇല്ലാത്ത ഭിന്നശേഷിക്കാരനായ അംഗവും സംഘത്തിലുണ്ട്.

മുളങ്കുറ്റിയിൽ നിറച്ച കാട്ടുചെറുതേനും ഈറ്റയിലും അരിച്ചൂരലിലും മെനഞ്ഞ പൂജാപാത്രങ്ങളും കാട്ടുകുന്തിരിക്കവും കരിമ്പും കാട്ടിൽ വിളഞ്ഞ കദളിക്കുലകളും കാട്ടുപൂക്കളും അടങ്ങുന്ന വനവിഭവങ്ങളാണ് ഇവർ അയ്യന് കാഴ്ചയർപ്പിച്ചത്.

തലച്ചുമടായാണ് ഇവ സന്നിധാനത്തെത്തിച്ചത്. നൂറ്റാണ്ടുകൾക്ക് മുമ്പ് അഗസ്ത്യവനത്തിൽനിന്ന് പശ്ചിമഘട്ട വനനിരകളിലൂടെ കാൽനടയായി ദർശനം നടത്തിയിരുന്ന പൂർവികരുടെ സ്മരണ പുതുക്കിയാണ് ഇവർ എത്തുന്നത്.

തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ പറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തി വയൽ, കൊമ്പിടി, ചേനാംപാറ, മാങ്കോട്, മുളമൂട്, പാങ്കാവ് എന്നീ ഉന്നതികളിൽനിന്നും തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്രാവിള, കോരയാർ, ആറുകാണി എന്നിവിടങ്ങളിൽനിന്നുമുള്ളവരാണ് സംഘത്തിലുള്ളത്. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് യാത്ര.

Tags:    
News Summary - Agasthyarkoodam tribal group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.