കലേഷ് കുമാർ
പമ്പ: 24 വർഷം ഒളിവിലായിരുന്ന അബ്കാരി കേസ് പ്രതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. പമ്പ പൊലീസ് 2001ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ ഒളിവിലായിരുന്ന മൂഴിയാർ ആങ്ങമൂഴി ആഞ്ഞിലിക്കൽ കലേഷ് കുമാറിനെയാണ് (45) അറസ്റ്റ് ചെയ്തത്. 2001ൽ കേസിൽ അറസ്റ്റിലായ പ്രതി പിന്നീട് കോടതി നടപടികൾക്ക് ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. നിരന്തരം കോടതി നടപടികളിൽ ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ജില്ല കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പ്രതിയെ കണ്ടെത്താൻ റാന്നി ഡി.വൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു.
പ്രതി വിദേശത്താണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം ബംഗളൂരു കേമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ ബ്യൂറോ ഓഫ് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് കേമ്പഗൗഡ എയർപോർട്ട് പൊലീസിന് കൈമാറി. വിവരം ലഭിച്ചതനുസരിച്ച് പമ്പ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു ഇവിടെയെത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പമ്പാ പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.സി.പി.ഒ സൂരജ് ആർ. കുറുപ്പ്, സി.പി.ഒ അനു എസ്. രവി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.