ലൈഫ് പദ്ധതിയിലേക്ക് 28 സെന്‍റ്​ സ്ഥലം സംഭാവനചെയ്ത് ഹനീഫയും കുടുംബവും

സമ്മതദാനപത്രം മന്ത്രി വീണ ജോര്‍ജ് ഏറ്റുവാങ്ങി പത്തനംതിട്ട: ലൈഫ് പദ്ധതിയിലേക്ക് 28 സെന്‍റ്​ സ്ഥലം സംഭാവന ചെയ്ത് ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയും കുടുംബവും. സമ്മതദാനപത്രം മന്ത്രി വീണ ജോര്‍ജ് ഏറ്റുവാങ്ങി. നല്ല മനസ്സിന്‍റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. വല്ലനയിലെ കണ്ണായ റോഡരികിലേ ഭൂമിയാണ്​ ലൈഫ് പദ്ധതിയില്‍ ഭൂരഹിതര്‍ക്കായി വീടുവെക്കാന്‍ ഹനീഫ നൽകിയത്​. സംസ്ഥാന സര്‍ക്കാറിന്‍റെ 'മനസ്സോട് ഇത്തിരി മണ്ണ്​' പദ്ധതിയിലേക്കാണ് ഹനീഫ സ്വന്തമായി ആകെയുള്ള 78 സെന്‍റല്‍നിന്ന്​ 28 സെന്‍റ്​ പൂര്‍ണ മനസ്സോടെ നൽകിയത്​. കഴിഞ്ഞദിവസം ഹനീഫയുടെ കുടുംബം ഇങ്ങനെ ഒരു തീരുമാനം എടുത്തതറിഞ്ഞ്​ മന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി ആറന്മുള ഗ്രാമപഞ്ചായത്തിനുവേണ്ടി സമ്മതപത്രം ഏറ്റുവാങ്ങുകയായിരുന്നു. വല്ലന ഗുരുമന്ദിരത്തിനുസമീപം പലചരക്ക്-സ്റ്റേഷനറികട നടത്തി ഉപജീവനം നടത്തുന്ന കുടുംബമാണ് ഹനീഫയുടേത്. ഭാര്യ ജാസ്മിന് ഓഹരിയായി ലഭിച്ചത് 60 സെന്‍റ്​ ഭൂമിയാണ്. കൈയേറ്റവും റോഡ് വികസനവും മൂലം നിലവിലുള്ളത് 56 സെന്‍റാണ്. വാർധക്യത്തില്‍ ഈ വസ്തു വിറ്റുകിട്ടുന്ന തുകകൊണ്ട് ഹജ്ജിന് പോകാനായിരുന്നു കുടുംബത്തിന്‍റെ തീരുമാനം. എന്നാല്‍, അടുത്തിടെ വല്ലനയില്‍ വാടകവീട്ടില്‍ കഴിയവെ അന്തരിച്ച രണ്ടുപേരുടെ സംസ്‌കാരത്തിലും തുടര്‍ന്ന് അവര്‍ക്ക് വീടുവെക്കാന്‍ നാലുസെന്‍റ്​ വസ്തു വീതവും വിട്ടുനല്‍കിയ സമീപവാസികളായ സലീം റാവുത്തര്‍, സുരേഷ് മംഗലത്ത് എന്നിവരുടെ കാരുണ്യ പ്രവൃത്തിയാണ് ഹനീഫയുടെ മനസ്സിലും കാരുണ്യത്തിന്‍റെ ചിന്തകള്‍ക്ക്​ കാരണം. താനും ഭാര്യയും ഹജ്ജിനുപോയാല്‍ തങ്ങള്‍ക്കും കുടുംബത്തിനും പുണ്യംകിട്ടും. എന്നാല്‍, ആ വസ്തു ഒമ്പതു കുടുംബത്തിന് വീതിച്ചുനല്‍കിയാല്‍ അതാകും അല്ലാഹുവിന് ഏറെ ഇഷ്ടമെന്നും ഹനീഫ വീട്ടിലെത്തിയ മന്ത്രിയോട് പറഞ്ഞു. മാതാപിതാക്കൾ ആഗ്രഹം എൻജിനീയറിങ്​ ബിരുദധാരിയായ മകന്‍ നിസാമിനോടും മകള്‍ അടൂര്‍ താലൂക്ക്​ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഹദറുന്നീസയോടും പങ്കുവെച്ചപ്പോൾ അവര്‍ക്കും സന്തോഷമായതോടെയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തകരുമായി കുടുംബം ബന്ധപ്പെട്ടത്​. സമ്മതപത്രം ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ലൈഫ്മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ എസ്. അജിത, ജെ. സജീന്ദ്രബാബു, കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അശ്വതി വിനോജ്, ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ടി.ടോജി, വൈസ് പ്രസിഡന്‍റ്​ എന്‍.എസ്. കുമാര്‍, ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ വിനീത സോമന്‍, പഞ്ചായത്ത്​ അംഗങ്ങളായ സരണ്‍ പി.ശശിധരന്‍, വില്‍സി ബാബു, ബിജു വര്‍ണശാല, ശ്രീനി ചാണ്ടിശ്ശേരി, രമാദേവി, ജോണ്‍സി, കോഴഞ്ചേരി മീഡിയ ക്ലബ് പ്രസിഡന്‍റ്​ ബാബു തോമസ്, ജനറല്‍ സെക്രട്ടറി മുരളി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ലീന കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 ADARAM ലൈഫ് പദ്ധതിയില്‍ ഭൂരഹിതര്‍ക്കായി സ്ഥലം നല്‍കിയ ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയെയും കുടുംബത്തെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.