തിരുവല്ല: താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലായി വെള്ളപ്പൊക്കത്തെ തുടർന്ന് 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 64 കുടുംബങ്ങളിലെ 215പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നഗരസഭയിലെ തിരുമൂലപുരത്ത് മണിമലയാറിന്‍റെ സമീപത്തെ മംഗലശ്ശേരി, പുളിക്കത്ര, അടമ്പട, ആറ്റുമാലി എന്നീ കോളനികളിൽ വെള്ളംകയറി. ഇവിടെനിന്ന് 45 കുടുംബങ്ങളെ ഇരുവെള്ളിപ്പറ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മനക്കച്ചിറ മാലിയിൽ ഭാഗത്തെ അഞ്ച് കുടുംബങ്ങളെ തോട്ടഭാഗം ഗവ. എൽ.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. തോട്ടപ്പുഴശ്ശേരി, കോയിപ്രം, ഇരവിപേരൂർ, കുറ്റപ്പുഴ, കവിയൂർ, കുറ്റൂർ, കടപ്ര, നെടുമ്പ്രം വില്ലേജുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. നെടുമ്പ്രം പഞ്ചായത്തിലെ കാരാത്ര കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയുള്ളവരെ കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് റോഡിൽ വെള്ളംകയറി. നെടുമ്പ്രം തോട്ടോടി പടിക്ക് സമീപമാണ് ചൊവ്വാഴ്ച ഉച്ചയോടെ വെള്ളം കയറിയത്. നദിയിൽനിന്ന് റോഡിലേക്ക് ശക്തമായ ഒഴുക്കുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ റോഡിൽ മൂന്നടിയോളം വെള്ളം ഉയർന്നിരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്‍റെ കുത്തൊഴുക്ക് തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിൽ ജലനിരപ്പുയർന്നു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുറ്റൂർ പഞ്ചായത്ത് 14ആം വാർഡ് വെൺപാലയിലെ 25ഓളം വീടുകൾ വെള്ളപ്പൊക്ക കെടുതികളിലായി. വെൺപാല പുതുവൽ, തോട്ടുചിറ ഭാഗങ്ങളിൽ 20ഓളം കുടുംബങ്ങൾ കുറ്റൂർ ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലുമായി അഭയം പ്രാപിച്ചിട്ടുണ്ട്. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നതെന്ന് തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു. .............. എൻ.ഡി.ആർ.എഫ് സംഘം തിരുവല്ലയിൽ തിരുവല്ല: ജില്ലയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എൻ.ഡി.ആർ.എഫ് സംഘം തിരുവല്ലയിലെത്തി. ചെന്നൈ ആരക്കോണത്തുനിന്ന് കമാൻഡോകളായ ടി. രാജൻ, രാജേന്ദ്രകുമാർ മീന എന്നിവരുടെ നേതൃത്വത്തിലുള്ള 20അംഗ സംഘമാണ് വ്യാഴാഴ്ച രാവിലെയോടെ എത്തിയത്. മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. 2018ലെ മഹാപ്രളയത്തിലടക്കം എൻ.ഡി.ആർ.എഫ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.