പമ്പഴ മണൽപ്പുറത്തുനിന്ന്​ മണൽ കടത്താനുള്ള നീക്കത്തിൽ പ്രതിഷേധം

മല്ലപ്പള്ളി: പ്രസിദ്ധമായ പമ്പഴ ശ്രീഭൂതനാഥ മഹാമണ്ഡലം വർഷങ്ങളായി നടന്നുവരുന്ന പമ്പഴ മണൽപ്പുറത്തുനിന്ന്​ മണൽ കടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹാമണ്ഡലം. കഴിഞ്ഞ ദിവസമാണ്‌ മണിമലയാറ്റിലെ മൺപുറ്റുകൾ നീക്കംചെയ്യന്നെന്ന വ്യാജേന സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെ മണൽ മാഫിയ സംഘം പടുതോട്ട് എത്തിയത്. യന്ത്രസാമഗ്രികളുടെ സഹായത്തോടെ ചില കോടതിവിധികളുടെ പിൻബലത്തിൽ എത്തിയ സംഘത്തെ ഹിന്ദുമത മഹാമണ്ഡലത്തിന്‍റെ പ്രവർത്തകരും നാട്ടുകാരും ചേർന്ന്​ തടഞ്ഞു. ഏറെ നേരത്തെ തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ശേഷം സംഘം തൽക്കാലത്തേക്ക് മടങ്ങിപ്പോവുകയാണുണ്ടായത്. മഹത്തായ സമ്മേളനത്തിന്‍റെ വേദിയായ പമ്പഴ മണൽപ്പുറത്തുനിന്ന്​ വൻതോതിൽ മണ്ണു നീക്കം ചെയ്യുന്നതിന്​ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ മണൽമാഫിയ കോടതി വിധിയുടെ മറവിൽ കുത്സിത ശ്രമം നടത്തുന്നതിനെതിരെ ഹിന്ദുമത മാഹാമണ്ഡലത്തിന്‍റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മഹാമണ്ഡലം പ്രസിഡന്‍റ്​ എൻ. പത്മകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഭാവി പരിപാടികൾ ആലോചിക്കാനായി പ്രദേശത്തെ സാമൂഹിക സാമുദായിക സാംസ്കാരിക സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേർന്ന് തുടർനടപടി തീരുമാനിക്കുന്നതിനും യോഗം തീരുമാച്ചു. മഹാമണ്ഡലം ജനറൽ സെക്രട്ടറി പി.ടി.മോഹനൻ, ട്രഷറർ പ്രസാദ് ബി.നായർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.