മാവിന്‍റെ ചില്ലകൾ മുറിച്ച സംഭവം: വൈദ്യുതിത്തൂണ്​ ഒടിഞ്ഞതിന്​ അരലക്ഷം നഷ്ടപരിഹാരം നഗരസഭ നൽകണമെന്ന്​

പന്തളം: കിളികളെ തുരത്താൻ മാവിന്‍റെ ചില്ലകൾ മുറിച്ചതിനെത്തുടർന്ന്​ കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണ്​ ഒടിഞ്ഞ ഇനത്തിൽ അരലക്ഷം രൂപ നഗരസഭ കെ.എസ്.ഇ.ബിക്ക് നൽകണമെന്ന ആവശ്യം വിവാദമായി. കിളികളെ തുരത്താൻ പന്തളം-മാവേലിക്കര റോഡിൽ പന്തളം മാർക്കറ്റിനു മുന്നിലാണ് മാവിന്‍റെ ശിഖരങ്ങൾ നഗരസഭയുടെ മേൽനോട്ടത്തിൽ മുറിച്ചത്​. ഇതേതുടർന്നുണ്ടായ നഷ്ടങ്ങൾക്ക്​ നഗരസഭ 50,890 രൂപ കെ.എസ്.ഇ.ബിയിൽ അടക്കണമെന്നാണ്​ ആവശ്യം. മരങ്ങൾ മുറിച്ചിട്ടപ്പോൾ വൈദ്യുതി ലൈൻ പൊട്ടിയത് നന്നാക്കാനും ഒടിഞ്ഞ വൈദ്യുതി തൂണ്​ പുനഃസ്ഥാപിക്കാനുമായാണ് ജോലിക്കൂലി ഉൾപ്പെടെ 50,890 രൂപ ആവശ്യപ്പെടുന്നത്. മാവിൽ കിളികൾ കൂടുകൂട്ടുന്നത് തടയാൻ വല വിരിക്കാൻ ഒന്നേകാൽ ലക്ഷം രൂപക്കാണ്​ കരാർ നൽകിയത്. ശിഖരങ്ങൾ മുറിച്ചുമാറ്റാൻ 28,000 രൂപ കൂലിയും നൽകി. കൂടാതെയാണ് അരലക്ഷം രൂപ അടക്കേണ്ടത്. ബുധനാഴ്ച രാത്രി പത്തരക്കുശേഷമാണ് മരം മുറിക്കാൻ തുടങ്ങിയത്. വൈദ്യുതി ബോർഡിന് കത്ത് നൽകിയിട്ടും ലൈൻ അഴിച്ചില്ലെന്നാണ് നഗരസഭ അധികാരികളുടെ വിശദീകരണം. നഗരസഭയോട് പണം അടക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. കൂടാതെ മരത്തിന്‍റെ ശിഖരങ്ങൾ മുറിക്കുന്ന വിവരം ബുധനാഴ്ച പകൽ മൂന്നിനാണ് നഗരസഭ കെ.എസ്.ഇ.ബിയെ അറിയിച്ചത്. രാത്രി ലൈൻ അഴിച്ചുമാറ്റുന്നത് അപകടകരമായ ജോലിയാണെന്ന് വൈദ്യുതി ബോർഡ് അധികാരികൾ പറഞ്ഞു. വിവരം ജില്ല കലക്ടറെ അറിയിച്ചെന്നും അധികൃതർ പറഞ്ഞു. പണം അടക്കുന്നതിൽ നഗരസഭ വീഴ്ചവരുത്തിയാൽ പൊലീസിനെ സമീപിക്കാനാണ് കെ.എസ്.ഇ.ബി നീക്കം. ബുധനാഴ്ച രാത്രി പത്തരയോടെ തുടങ്ങിയ മരംമുറിക്കൽ വ്യാഴാഴ്ച പുലർച്ച ആറുമണിയോടെയാണ് അവസാനിച്ചത്. വൈദഗ്ധ്യമില്ലാത്തവർക്ക് മരംമുറിക്കാൻ കരാർ നൽകിയതാണ് ഇത്രയേറെ നഷ്ടത്തിന് കാരണമായതെന്നും അഭിപ്രായമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.