ചന്ദനപ്പള്ളി കത്തോലിക്ക പള്ളിപ്പെരുന്നാൾ സമാപിച്ചു ഭക്തി സാന്ദ്രമായി ചെമ്പെടുപ്പ് റാസ

കൊടുമൺ: ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് തീർഥാടന കത്തോലിക്കപ്പള്ളി പെരുന്നാൾ ഭക്തി സാന്ദ്രമായ ചെമ്പെടുപ്പ് റാസയോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ കർദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവക്കും മെത്രാ​പ്പോലീത്തമാർക്കും സ്വീകരണം നൽകി. തുടർന്ന് മെത്രാപ്പോലീത്തമാരും ഗ്രാമ പ്രമുഖരും ചെമ്പിൽ അരിയിടിൽ കർമം നിർവഹിച്ചു. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം എന്നിവ നടന്നു. കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ കൂടിയ ഇടവക നവതി സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. നവതി ഭവന പദ്ധതി, വിദ്യാഭ്യാസ പദ്ധതി, ആരോഗ്യ പദ്ധതി ഇവയുടെ ഉദ്ഘാടനം ആന്‍റോ ആന്‍റണി എം.പി നിർവഹിച്ചു. കേരള പോസ്റ്റൽ വകുപ്പ് ഇറക്കിയ നവതി സ്മാരക സ്റ്റാമ്പ് മന്ത്രി വീണ ജോർജ് രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തക്ക് നൽകി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. സജി മാടമണ്ണിൽ, പഞ്ചായത്ത്​ അംഗം ലിസി റോബിൻസ്, ഇ.എം. ജി ചന്ദനപ്പള്ളി, ട്രസ്റ്റി ആന്‍റണി ചന്ദനപ്പള്ളി, ഗീവർഗീസ് കുളത്തിനാൽ എന്നിവർ സംസാരിച്ചു. ഉച്ചക്ക് തലയിൽ കൈവെയ്പ് പ്രാർഥന, കുട പ്രദക്ഷിണം, വെച്ചൂട്ട് എന്നിവ നടന്നു. വൈകീട്ട്​ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസ നടന്നു. സ്ത്രീകൾ നേതൃത്വം നൽകിയ ചെമ്പെടുപ്പും നടന്നു. ആദ്യകാലത്ത് പുരുഷൻമാർ മാത്രമായിരുന്നു ചെമ്പെടുപ്പ് നടത്തിയിരുന്നത്. പിൽക്കാലത്ത് സ്ത്രീകളും നേർച്ചയായി കണക്കാക്കി പ്രത്യേകം ചെമ്പ് എടുത്തുവരുന്നു. ഉച്ചക്ക്​ മൂന്നുമണിക്ക് മുത്തുക്കുടകൾ, ബാൻഡ്​​ മേളം എന്നിവയുടെ അകമ്പടിയോടെ പള്ളിയിൽനിന്ന്​ ആരംഭിച്ച ഭക്തിനിർഭരമായ റാസ മഠം കുരിശടിയിൽ എത്തി. അവിടെ ചെമ്പിൽ പകുതി വേവിച്ച നേർച്ച അരി ആഘോഷപൂർവം പള്ളിയിലേക്ക് എഴുന്നള്ളിച്ചു. സഹദായുടെ അപദാനങ്ങൾ പാടിയും വെറ്റിലയും പൂക്കളും വിതറിയും ആഘോഷപൂർവം ചെമ്പുകൾ ദേവാലയത്തിൽ എത്തിച്ചു. ചന്ദനപ്പള്ളി ജങ്​ഷൻ കുരിശടിയിലെ ചെമ്പ് സ്ത്രീകളുടെ നേതൃത്വത്തിലും പള്ളിയിലേക്ക് എത്തിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജങ്​ഷൻ കുരിശടിയിൽ ചെമ്പെടുപ്പ്​ റാസക്ക് സന്ദേശം നൽകി. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. സജി മാടമണ്ണിൽ, ട്രസ്റ്റി ആന്‍റണി ചന്ദനപ്പള്ളി, ബിനോബാബു പെരുമല, ഗീവർഗീസ് കുളത്തിനാൽ, ഷിബു കുറ്റിയിൽ, സെക്രട്ടറി സൈമൺഡേവിഡ് പാല നിൽക്കുന്നതിൽ എന്നിവർ നേതൃത്വം നൽകി. ------------ phot:- Mail... . ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് തീർഥാടന കത്തോലിക്ക പള്ളി പെരുന്നാളിന് സമാപനം കുറിച്ച് നടന്ന ചെമ്പെടുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.