അന്താരാഷ്ട്ര മാതൃദിനം; മകനെ ​നെഞ്ചോട് ​ചേർത്ത്​ ഒരു മാതാവ്

പന്തളം: 38 വയസ്സുള്ള മകനെ ഇപ്പോഴും ചോറുവാരിക്കൊടുത്ത വളർത്തുന്നു മാതാവ്. പന്തളം കടയക്കാട് തൈ തെക്കേതിൽ ഹംസ അമ്മാൾ (78), ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മകൻ ആഷിഖിനെ (38) നെഞ്ചോട്​ ചേർത്തുനിർത്തുകയാണ്​​. പ്രാഥമിക കർത്തവ്യങ്ങൾപോലും നടത്താൻ കഴിയാത്ത മകനെ​ കുളിപ്പിച്ച്, ഭക്ഷണം വാരിക്കൊടുത്ത് താരാട്ടുപാട്ടി ഉറക്കാറുമുണ്ട് ഈ മാതാവ്​. മാതാവിന്‍റെ മടിയിൽ തലവെച്ചാണ്​ ഉറക്കം. ചില സമയങ്ങളിൽ ഉറക്കെ ഒച്ചവെക്കാറു​ണ്ടെങ്കിലും അക്രമവാസനയൊന്നും കാണിക്കാറില്ല. ഇപ്പോൾ മാതാവും മകനും മാത്രമാണ് വീട്ടിൽ താമസം. ചോർന്നൊലിക്കുന്ന വീട്ടിൽ 38 വയസ്സുള്ള ആഷിഖിന് ഇപ്പോഴും പരിചരിക്കുകയാണ് ഈ വയോധിക. ജനിച്ച് നാലുവയസ്സുവരെയും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ആറുമാസം പിന്നിട്ടപ്പോൾ സംസാരശേഷി ഇല്ലാതായെന്ന്​ മനസ്സിലായി. നാലുവയസ്സ് ആയപ്പോഴേക്കും ശരീരത്തിൽ വിറയൽ അനുഭവപ്പെടുകയും മറിഞ്ഞുവീഴുകയും ചെയ്തു. അക്കാലത്ത് ഡോക്ടറെ കാണാനും മറ്റും സൗകര്യം കുറവായതിനാൽ മകന്‍റെ അസുഖവുമായി മാതാവ് കാലം കഴിച്ചുകൂട്ടി. വർഷങ്ങൾ കഴിഞ്ഞ്​ പല സന്നദ്ധസംഘടനകളും മകനെ ഏറ്റെടുക്കാൻ തയാറായെങ്കിലും മാതാവ് ഹംസ അമ്മാൾ ആർക്കും വിട്ടുനൽകിയില്ല. 16വർഷം മുമ്പ് പിതാവ് ഹസൻകുട്ടി റാവുത്തർ മരണപ്പെട്ടതോടെ ആഷിഖിന്‍റെ സംരക്ഷണച്ചുമതല മാതാവിന്‍റെ കരങ്ങളിലായി. അഞ്ചു പെൺമക്കളും നാലാം ആൺമക്കളുമുള്ള ഇവരുടെ ഇളയമകനാണ് ആഷിഖ്​. പരിസരത്തുള്ള ബന്ധുക്കൾ ഭക്ഷണം തയാറാക്കി നൽകും. ഹംസ അമ്മാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മകനെ പരിചരിക്കുന്ന കാര്യത്തിൽ പൂർണ മനസ്സാണ്. മരണംവരെയും മകനെ നോക്കുമെന്ന്​ മാതാവ് ഹംസ അമ്മാൾ പറഞ്ഞു. ------- ഫോട്ടോ : മകൻ ആഷിഖിനെ പരിചരിക്കുന്ന മാതാവ് ഹംസ അമ്മാൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.