മണ്ണുകടത്ത്​; വാഹനങ്ങൾ പൊലീസ് പിടികൂടി: അഞ്ചുപേർ അറസ്റ്റിൽ

അടൂർ: മണ്ണെടുപ്പ് വ്യാപകമായ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് നടത്തിയ റെയ്ഡിൽ വാഹനങ്ങൾ പിടികൂടി. തെങ്ങമത്തും സമീപ ഭാഗങ്ങളിൽനിന്നും മണ്ണ് ഖനനം ചെയ്ത് കടത്തിയ നാല് ടിപ്പർലോറിയും ഒരു മണ്ണ് മാന്തിയുമാണ് പിടികൂടിയത്. മണ്ണുമാന്തി ഓപറേറ്റർ, ടിപ്പർ ലോറി ഡ്രൈവർമാർ ഉൾപ്പെടെ അഞ്ചുപേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർമാരായ പാവുമ്പ മണപ്പള്ളി വേണാട്ട് വീട്ടിൽ അശോകൻ (52), തൊടിയൂർ വിനേഷ് ഭവനിൽ വിനേഷ് (26), ശൂരനാട് വടക്ക് കളിക്കത്തറ ജങ്ഷന് സമീപം ഗംഗാഭവനിൽ രഞ്ജിത് (37) ശൂരനാട് പി.എച്ച്.സിക്ക് സമീപം പുതിയവീട്ടിൽ ബിനു (42) മണ്ണ്മാന്തി ഡ്രൈവർ തമിഴ്നാട് നാമക്കൽ രാസൈപുരം സ്വദേശി ശരവണൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽവിട്ടു. പിടികൂടിയ വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറും. നാലുദിവസം മുമ്പ്​ പള്ളിക്കലിൽനിന്ന് എട്ട് ടിപ്പറും മൂന്ന് മണ്ണ്മാന്തിയും അടൂർ പൊലീസ് പിടികൂടി ജിയോളജി വകുപ്പിന് കൈമാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.