വാഹനപരിശോധനയും ഡ്രൈവിങ്​ ടെസ്റ്റും ആധുനീകരിക്കും -മന്ത്രി ആന്റണി രാജു

പത്തനംതിട്ട: സംസ്ഥാനത്ത് വാഹനപരിശോധനയും ഡ്രൈവിങ്​ ടെസ്റ്റും സാങ്കേതികവിദ്യയുടെ സഹായത്തോടെ ആധുനീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത് വാഹനീയം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പകരം സ്വകാര്യ പങ്കാളിത്തത്തോടുകൂടി 75 കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ്​ സ്റ്റേഷനുകളും ഡ്രൈവിങ്​ ടെസ്റ്റിങ്​ ട്രാക്കുകളും നിര്‍മിക്കും. അതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന ഓഫിസുകളെ പേപ്പര്‍ലെസ് ഓഫിസ് എന്ന പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികളും നടക്കുകയാണ്. കൂടാതെ, ഏജന്റുകളുടെ സഹായമില്ലാതെ ജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകാതെ ഓണ്‍ലൈനായി വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലുടനീളം നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 726 കാമറ സ്ഥാപിച്ചു. ഒരുമാസത്തിനുള്ളില്‍ ട്രയല്‍ റണ്‍ അവസാനിപ്പിച്ച് അവ പ്രവര്‍ത്തനസജ്ജമാകും. ഇതിലൂടെ അപകടങ്ങള്‍ കുറക്കാനും വാഹനങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പ്രമോജ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ കെ. മനോജ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍. അജിത് കുമാര്‍, പത്തനംതിട്ട ആര്‍.ടി.ഒ എ.കെ. ദിലു, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഹരികൃഷ്ണന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രാജു നെടുവമ്പ്രം തുടങ്ങിയവര്‍ പങ്കെടുത്തു. വാഹനീയം അദാലത്: 310 പരാതി പരിഹരിച്ചു പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ വാഹനീയം പരാതി പരിഹാര അദാലത്തില്‍ 310 പരാതി പരിഹരിച്ചു. 11 പരാതിയില്‍ തവണ വ്യവസ്ഥയില്‍ നികുതി അടക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവായി. 15 പരാതി ഗതാഗത കമീഷണര്‍ക്കും ബാക്കിയുള്ള പരാതികള്‍ പരിഹരിക്കാൻ സബ് ഓഫിസുകള്‍ക്കും കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.