ജല അതോറിറ്റി അനാസ്ഥ; മുട്ടുമൺ-ചെറുകോൽപ്പുഴ റോഡ് നിർമാണം മുടങ്ങി

റോഡിൽ പലയിടത്തും വെള്ളക്കെട്ട്​ രൂപപ്പെട്ടു കോഴഞ്ചേരി: ജല അതോറിറ്റി റോഡരികിൽ ജി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിലുണ്ടാകുന്ന കാലതാമസം മൂലം മുട്ടുമൺ-ചെറുകോൽപ്പുഴ റോഡിന്‍റെ നിർമാണം വീണ്ടും മുടങ്ങി. ​പൈപ്പിടൽ ടെൻഡർ നടപടി വൈകുന്നതായി ജല അതോറിറ്റി അധികൃതർ പറയുന്നു. രണ്ടുമാസം മുമ്പും ഇതേ കാരണത്താൽ റോഡ് നവീകരണം മുടങ്ങിയിരുന്നു. ടെൻഡർ നടപടികളിലെ കാലതാമസം പരിഹരിക്കാൻ കാര്യമായ നീക്കം ജലഅതോറിറ്റി നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്​. മാർച്ച് 31ന് മുമ്പ് നവീകരണം പൂർത്തിയാക്കുമെന്ന് അധികൃതർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചെട്ടിമുക്ക്-ആറാട്ടുപുഴ റോഡിൽ ജലഅതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാത്തതാണ്​ റോഡ്​ നവീകരണത്തിനുള്ള പ്രധാനതടസ്സം. ടെൻഡർ നടപടി വൈകിയാൽ ജല അതോറിറ്റിയുടെ ഡിവിഷനൽ സ്റ്റോറുകളിൽനിന്ന് പൈപ്പുകൾ എത്തിച്ച്​ മാർച്ച് 31ന് മുമ്പ് റോഡ് പൊതുമരാമത്തിന് വിട്ടുനൽകുമെന്ന്​ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. ഇതും പാലിക്കപ്പെട്ടില്ല. മെറ്റലിങ് കഴിഞ്ഞ റോഡിലെ പലഭാഗങ്ങളും വേനൽമഴ കാരണം ഇളകുന്നത് ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നു. റോഡിൽ പലയിടത്തും വെള്ളക്കെട്ട്​ രൂപപ്പെട്ടിരിക്കുകയാണ്​​. 10 കിലോമീറ്ററോളം ദൈർഘ്യമുള്ള മുട്ടുമൺ-ചെറുകോൽപ്പുഴ റോഡിന്‍റെ സമാന്തര പാതകളായ ചെട്ടിമുക്ക്-നെടുംപ്രയാർ, നെടുംപ്രയാർ-തോണിപ്പുഴ, ചിറയിറമ്പ്-ഇളപ്പുങ്കൽ പടി എന്നീ റോഡുകളും അറ്റകുറ്റപ്പണിയുടെ ഭാഗമായി മാസങ്ങളായി യാത്രയോഗ്യമല്ല. മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷൻ നഗറിലേക്ക് എത്തുവാനുള്ള പ്രധാന പാതകളി​ലൊന്നാണിത്​. റോഡ് നവീകരണം വൈകുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നിർദേശത്തെ തുടർന്ന് മരാമത്ത് റോഡ്‌സ് വിഭാഗം, ജല അതോറിറ്റി ഉദ്യോഗസ്ഥർ ജനുവരിയിൽ ഇവിടെ സംയുക്ത പരിശോധന നടത്തിയിരുന്നു. 45 ദിവസത്തിൽ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, ഇളപ്പുങ്കൽ, ചെറുകോൽപ്പുഴ ഭാഗങ്ങളിൽ പൈപ്പിടീൽ ജോലി പുരോഗമിക്കുന്നുണ്ട്​. ജലഅതോറിറ്റിയുടെ അനാസ്ഥ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന്​ കാരണമാകുന്നു. മഴക്കാലം തുടങ്ങുന്നതിന്​ മുമ്പ്​ റോഡ്​ നവീകരണം പൂർത്തിയാകുമോ എന്ന ആശങ്കയിലാണ്​ നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.