തുടർ പഠനം വഴിമുട്ടി യുക്രെയ്നിൽനിന്ന് മടങ്ങിയ വിദ്യാർഥികൾ

ഫീസ് അടക്കണമെന്ന നിർദേശം ചില വിദ്യാർഥികൾക്ക്​ ലഭിച്ചു പന്തളം: റഷ്യൻ ആക്രമണത്തിൽനിന്ന്​ രക്ഷതേടി യുക്രെയ്നിൽനിന്ന് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നാട്ടിലെത്തിയിട്ട് ഒരുമാസം കഴിഞ്ഞു. ഇനിയെന്ന് തിരികെ പോകാൻ കഴിയുമെന്ന് അറിയില്ല. യുക്രെയ്നിലെ സ്ഥാപനങ്ങളിൽനിന്ന് അറിയിപ്പൊന്നുമില്ല. ചില സർവകലാശാലകൾ ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. പരീക്ഷ എന്നു നടക്കുമെന്ന് അറിയില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ദിവസം മൂന്ന്​ ഓൺലൈൻ ക്ലാസുവരെ നടക്കുന്നുണ്ട്. ഒരു ക്ലാസ് ഒന്നേകാൽ മണിക്കൂറോളം. യുദ്ധസാഹചര്യം മാറിയാൽ ക്ലാസുകൾ സാധാരണ നിലയിലാകുമെന്ന് ചില കോളജ്​ അധികൃതർ അറിയിച്ചിട്ടുണ്ട്. തിയറി ക്ലാസുകൾ ഓൺലൈനായി ലഭിക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസിന് എന്തുചെയ്യുമെന്ന ആശങ്കയുണ്ട്. ഓൺലൈൻ ക്ലാസുകൾ എല്ലാ വിഷയത്തിനും തുടങ്ങിയിട്ടില്ലെന്ന് വിനീഷ്യ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥികൾ പറയുന്നത്. റെഗുലർ ക്ലാസുകൾ എന്നുതുടങ്ങുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഫീസ് അടക്കണമെന്ന നിർദേശം ചിലർക്ക്​ ലഭിച്ചിട്ടുണ്ട്. ആറുമാസത്തിനകം തിരികെ പോകാമെന്ന പ്രതീക്ഷയിലാണ് ഖർകിവ് നാഷനൽ യൂനിവേഴ്സിറ്റി വിദ്യാർഥികൾ. ഒന്നാം വർഷത്തെ ഫീസ് മുഴുവൻ അവർ അടച്ചിരുന്നു. ക്ലാസ് മുടങ്ങിയതിനാൽ അതിൽ ഇളവുണ്ടാകുമോ എന്നറിയില്ല. സർട്ടിഫിക്കറ്റുകളെല്ലാം അവിടെയായതിനാൽ നാട്ടിൽ വേറെ കോഴ്സിനൊന്നും ചേരാൻ കഴിയുന്നില്ലെന്നും ഇവർ പറഞ്ഞു. പന്തളം, തുമ്പമൺ, പന്തളം തെക്കേക്കര തുടങ്ങിയ സ്ഥലങ്ങളിലായി അഞ്ചിലേറെ വിദ്യാർഥികളുണ്ട്. യുദ്ധത്തിന്‍റെ ആദ്യനാളുകളിൽ 30 കി.മീ. നടന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർഥികളിൽ പലരും, ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ പഠനാന്തരീക്ഷം വീണ്ടെടുത്തു. അധ്യാപകർ നന്നായി സഹായിക്കുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. നേരിട്ടുള്ള ക്ലാസുകൾ എന്നു തുടങ്ങുമെന്ന് അറിയില്ല. ഇപ്പോൾ ദിവസവും ഓൺലൈൻ ക്ലാസുണ്ട്. നാലാം വർഷത്തെ സെമസ്റ്റർ പരീക്ഷകളും ഓൺലൈനായി നടത്തുമെന്നാണ് കോളജ് അധികൃതർ പറഞ്ഞത്. വിദ്യാർഥികൾക്ക് ഭൂരിപക്ഷവും കാമ്പസിലേക്ക്​ മടങ്ങാമെന്ന പ്രതീക്ഷയിലാണ്. സെപ്റ്റംബറിൽ കോളജ് തുറക്കുമെന്നാണ്​ അറിയിപ്പ്​. ജൂൺ മുതൽ ആഗസ്റ്റുവരെ ഇവിടെ അവധിയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.