മാലിന്യ സംസ്കരണപദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സമരം

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതിയായ തുമ്പൂർമുഴി മോഡൽ പദ്ധതി അട്ടിമറിക്കാനുള്ള യു.ഡി.എഫ് ഭരണസമിതി നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ പഴവങ്ങാടി മേഖല കമ്മിറ്റി അറിയിച്ചു. റാന്നി താലൂക്കിന്‍റെ സിരാകേന്ദ്രമാണ് ഇട്ടിയപ്പാറ ടൗൺ ഉൾപ്പെടുന്ന പഴവങ്ങാടി ഗ്രാമപഞ്ചായത്ത്. 30 വർഷം യു.ഡി.എഫ് ഭരണം നടത്തിയ ഇവിടെ മാലിന്യ സംസ്കരണത്തിന് പദ്ധതികൾ ഒന്നും കണ്ടെത്തിയില്ല. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും രണ്ട് ബസ് സ്റ്റാൻഡുകളും മാർക്കറ്റും ഉൾപ്പെടുന്ന പഴവങ്ങാടിയിൽ മാലിന്യങ്ങൾ നിറയുന്നത് നിരന്തരം പ്രശ്നമായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയാണ്​ ടൗണിലെയും വാർഡുകളിലെയും മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയത്. തുമ്പൂർമുഴി മോഡൽ പദ്ധതി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപവും മാർക്കറ്റിലും സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഹരിത കർമസേന, പ്ലാസ്റ്റിക് ഷ്രെഡിങ്​ യൂനിറ്റ്, ക്ലീൻ കേരള കമ്പനി, ടൗണിൽ സി.സി ടി.വി സ്ഥാപിക്കൽ എന്നിവ സംയോജിപ്പിച്ചാണ് ടൗണിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. സുഗമമായി നടപ്പാക്കിയ പദ്ധതിയാണ് യു.ഡി.എഫ് ഭരണസമിതി അട്ടിമറിച്ചത്. ഭരണ സമിതിക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി റോബിൻ പി. മനോജ്, പ്രസിഡന്റ് വർഗീസ് തോമസ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.