കലോത്സവം പാര്‍ട്ടി മേളയാക്കി -കോൺഗ്രസ്

പത്തനംതിട്ട: എം.ജി സർവകലാശാല യൂനിയന്‍ കലോത്സവം സി.പി.എം രാഷ്ട്രീയവത്കരിച്ച് പാര്‍ട്ടി മേളയാക്കി മാറ്റിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ആരോപിച്ചു. മുന്‍ കാലങ്ങളില്‍ സ്വാഗതസംഘത്തിൽ എല്ലാവരുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ കലോത്സവം നടത്തിപ്പ് സി.പി.എം പാര്‍ട്ടിയും അവരുടെ വിദ്യാർഥി യുവജന സംഘടനകളും കൈയടക്കിയിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. യുവജനോത്സവ നടത്തിപ്പിലെ സംഘാടനത്തില്‍ വ്യാപകമായ പാകപ്പിഴകളും കെടുകാര്യസ്ഥതയും ഉള്ളതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എം.ജി സര്‍വകലാശാലയുടെ പരിധിയിലുള്ള വിവിധ കോളജുകളില്‍നിന്ന്​ മത്സരത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്ന വിദ്യാർഥികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിലും സി.പി.എം നേതൃത്വത്തിലുള്ള സംഘാടക സമിതി പരാജയപ്പെട്ടതായി ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഇത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......................... റമദാൻ കാമ്പയിന് തുടക്കം പത്തനംതിട്ട: 'വിശുദ്ധ റമദാൻ വിശുദ്ധ ഖുർആൻ' ശീർഷകത്തിൽ എസ്.വൈ.എസ് ജില്ല റമദാൻ കാമ്പയിന് തുടക്കമായി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സലാഹുദ്ദീൻ മദനി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സുധീർ വഴിമുക്ക് അധ്യക്ഷതവഹിച്ചു. എ.പി. മുഹമ്മദ് അഷ്ഹർ, താഹ എന്നിവർ സംസാരിച്ചു. മേയ് മൂന്ന് വരെ നടക്കുന്ന കാമ്പയിനിൽ വ്യാപാരി സംഗമം, ചുമട്ടുതൊഴിലാളി സംഗമം, ഭക്ഷ്യക്കിറ്റ് വിതരണം, തസ്കിയ സംഗമം, തർബിയ, ഇഫ്താർ സംഗമം എന്നിവ നടക്കും. ................. സാക്ഷരത സർവേ ഇന്ന് പത്തനംതിട്ട: അന്തർ സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിനായി ജില്ല സാക്ഷരത മിഷനും റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തും ചേര്‍ന്ന്​ നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച സാക്ഷരത സര്‍വേ നടക്കും. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തുന്നതിനാണ് സര്‍വേ. തൊഴിലാളികളുടെ അടിസ്ഥാന വിവരങ്ങള്‍, മാതൃഭാഷയിലും മലയാള ഭാഷയിലുമുള്ള അടിസ്ഥാന സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, സാക്ഷരത പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത തുടങ്ങിയ വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്. പരിശീലനം നേടിയ വളന്‍റിയര്‍മാരാണ് സര്‍വേ നടത്തുന്നത്. ഏപ്രില്‍ മൂന്നിന് രാവിലെ 10ന് റാന്നി അങ്ങാടി ബംഗ്ലാംകടവ് ഉപാസന തിയറ്റര്‍ അങ്കണത്തില്‍ ആരംഭിക്കുന്ന സര്‍വേ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.