വലിയകാവ് വനം ഏറ്റെടുക്കൽ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതിയുമായി പൊന്തൻപുഴ സമര സമിതി

മല്ലപ്പള്ളി: അനുകൂല കോടതിവിധി ഉണ്ടായിട്ടും വലിയകാവ് വനം ഏറ്റെടുക്കാതെയിരുന്നത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ വീഴ്ചയെന്ന് പൊന്തൻപുഴ സമര സമിതി. 2018 ജനുവരിയിലെ കോടതിവിധിയിൽ വലിയകാവിന്‍റെ ഉടമസ്ഥത സർക്കാറിന് നഷ്ടപ്പെട്ടിരുന്നെങ്കിലും സ്വകാര്യ വനനിയമമനുസരിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാറിനുള്ള അധികാരം ഉറപ്പാക്കിയിരുന്നു. ഈ വിധി അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടത്തുന്നതിന് പകരം വീണ്ടും ഭൂമിയുടെ ഉടമസ്ഥതക്കായുള്ള കേസ് തുടരാൻ സർക്കാർ തീരുമാനിച്ചത് അന്ന് പി.സി.സി.എഫ് (എൽ ആൻഡ് ആർ ) ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍റെ നിർബന്ധം മൂലമാണ്. പെരുമ്പെട്ടിയിൽ വനം കൈയേറിയ കർഷകർ ഉണ്ടെന്നും അവർക്കു പട്ടയം നൽകണമെങ്കിൽ ഭൂമി സർക്കാർ കേസ് നടത്തി സ്വന്തമാക്കണമെന്നുമാണ് ഈ വനം വകുപ്പ് ഉന്നതൻ നിർബന്ധിച്ചത്. സർക്കാർ തീരുമാനപ്രകാരം നടന്ന റവന്യൂ, വനം വകുപ്പുകൾ യോജിച്ചുള്ള സർവേയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനത്തിന്‍റെ അതിർത്തിക്ക് പുറത്താണെന്നു തെളിഞ്ഞു. ഇതോടെ ഉദ്യോഗസ്ഥന്‍റെ തെറ്റായ വാദം തുറന്നുകാട്ടപ്പെട്ടു. സർവേ പൂർത്തിയായാൽ തന്‍റെ നില പരുങ്ങലിലാകും എന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ തിടുക്കപ്പെട്ടു സ്ഥലം സന്ദർശിച്ച് വാക്കാൽ ഉത്തരവിലൂടെ സർവേ നിർത്തിവെപ്പിച്ചു. വനത്തിൽപെടാത്ത ഭൂമികൂടി ചേർത്തു വനം കൈയേറ്റ പട്ടയം വാങ്ങാൻ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ഗുരുതരമായ ഈ ക്രമക്കേടിന്മേൽ അന്വേഷണം നടക്കുകയാണ്. നോഡൽ ഓഫിസർ എന്ന നിലയിൽ ഈ ഉദ്യോഗസ്ഥൻ സമർപ്പിച്ച പട്ടികയിലെ പിശക് ജില്ലയിലെ 6362 കുടുംബങ്ങളുടെ പട്ടയങ്ങൾക്ക് തടസ്സമായി തീർന്നിരിക്കുകയാണിപ്പോൾ. വനം വകുപ്പിന്‍റെ തലപ്പത്ത് എത്താൻ മത്സരിച്ചുകൊണ്ടിരിക്കുന്ന ഈ ഉദ്യോഗസ്ഥന്‍റെ നടപടികളെപ്പറ്റി അന്വേഷണം വേണമെന്നാണ് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ സമരസമിതി കൺവീനർ രാജേഷ് ഡി. നായർ ആവശ്യപ്പെട്ടു. മുടങ്ങിയ സർവേ പൂർത്തീകരിക്കാൻ നടപടി ഉണ്ടാകണമെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.