ptl th 6 പത്തനംതിട്ട: ജില്ലയിൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം പൂർണം. കെ.എസ്.ആർ.ടി.സി ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൂടുതൽ സർവിസുകൾ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും യാത്രക്കാരുടെ ആവശ്യത്തിന് മതിയായ സർവിസുകൾ കെ.എസ്.ആർ.ടി.സിയിൽനിന്ന് ഉണ്ടായില്ല. ചിലയിടങ്ങളിൽ യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. ഓഫിസിലെത്തുന്നവരിൽ പലരും രാവിലെ നേരത്തേയിറങ്ങിയെങ്കിലും തിരക്ക് കാരണം പലർക്കും ബസിൽ കയറിപ്പറ്റാൻപോലുമായില്ല. പത്തനംതിട്ടയടക്കമുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഏറെനേരം കാത്തിരിക്കേണ്ടി വന്നു. വാർഷിക പരീക്ഷ നടക്കുന്നതിനാൽ നിരവധി വിദ്യാർഥികൾ കെ.എസ്.ആർ.ടി.സി ബസിനെയാണ് ആശ്രയിച്ചത്. ഇതോടെ തിരക്ക് വർധിക്കുകയായിരുന്നു. രാവിലെയും വൈകീട്ടും അധിക ബസുകൾ ഉണ്ടായിരുന്നെങ്കിലും ബസിൽ നിറയെ ആളുകളുണ്ടായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ വൈകീട്ട് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ വിദ്യാർഥികൾ ബസ് കിട്ടാതെ ബുദ്ധിമുട്ടി. ഗ്രാമീണമേഖലയിൽ സ്വകാര്യ ബസുകൾ മാത്രം സർവിസ് നടത്തിയിരുന്ന റൂട്ടിൽ ഓട്ടോറിക്ഷകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്. ഒമ്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വാർഷിക പരീക്ഷ നടക്കുകയാണ്. നിലവിലെ റൂട്ടുകളിൽ മാത്രമാണ് കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയത്. ഗ്രാമപ്രദേശങ്ങളിൽ യാത്രക്ലേശം രൂക്ഷമായിരുന്നു. ദീർഘദൂര സർവിസുകൾ അടക്കം കെ.എസ്.ആർ.ടി.സി എല്ലാ റൂട്ടിലും മുടങ്ങാതെ ബസ് സർവിസ് നടത്തി. അനിശ്ചിതകാല പണിമുടക്കിൽ പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി. മിനിമം ബസ് ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തുക, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയായി വർധിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സർക്കാർ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകൾ പറയുന്നു. ജില്ലയിൽ 350ഓളം സ്വകാര്യ ബസുകളാണുള്ളത്. കോവിഡിനെത്തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ പല ബസുകളും സർവിസ് നിർത്തിയിരുന്നു. റോഡ് ടാക്സ് അടക്കാൻപോലും മാർഗമില്ലാതെ വലയുകയാണ്. പ്രയാസങ്ങൾക്കിടയിലും അടുത്തിടെയാണ് കൂടുതൽ ബസുകൾ സർവിസ് ആരംഭിച്ചത്. പടംmail........ പത്തനംതിട്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.