ആയിരം പൊലീസുകാർ; വോട്ടെണ്ണലിന് വൻ സുരക്ഷ

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സുരക്ഷക്ക് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കും. കേന്ദ്രങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിക്കില്ല.

ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഇവക്ക് സമീപം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഒരുക്കും. കോന്നി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മലയാലപ്പുഴ മുസ്ലിയാര്‍ കോളജിന്റെ സമീപ പ്രദേശങ്ങളായ മൈലാടുംപാറ, മൂലമുറിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മുസലിയാര്‍ എം.ബി.എ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യണം.

അടൂര്‍, ആറന്മുള നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് സമീപം മറ്റ് പാര്‍ക്കിങ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യണം. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മുന്‍വശം 100 മീറ്റര്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും.

റാന്നി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെത്തുന്ന വാഹനങ്ങള്‍ കോഴഞ്ചേരി മാര്‍ത്തോമ്മ സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് സ്റ്റേഡിയം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

വോട്ടെണ്ണലിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് കലക്ടറേറ്റില്‍ പരിശീലനം സംഘടിപ്പിച്ചു. മെഷീന്‍ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളില്‍ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. തപാല്‍ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ ഒമ്പതും റാന്നിയില്‍ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍, രണ്ട് കൗണ്ടിങ് അസിസ്റ്റന്റ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.

Tags:    
News Summary - Thousands of policemen; heavy security for vote counting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.