കോട്ടപ്പാറ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്

പത്തനംതിട്ട: നഗരത്തിലെ 15 മുതൽ 21വരെയുള്ള ഏഴു വാർഡിൽ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടമൺപാറ കുടിവെള്ള പദ്ധതി മാർച്ച് പകുതിയോടെ കമീഷൻ ചെയ്യുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. 19ാം വാർഡിൽ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽനിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്. വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായി. കുമ്പഴ പമ്പ് ഹൗസിൽ പദ്ധതിക്കായി 90 കുതിരശക്തിയുടെ മോട്ടോറാണ് സ്ഥാപിക്കുന്നത്. പ്രഷർ ഫിൽറ്ററിന്‍റെ പണി പുരോഗമിക്കുകയാണ്. കുമ്പഴ മേഖലയിലെ ഏഴ് വാർഡിലായി 1000 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒന്നേകാൽ കോടി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തീകരിക്കുന്നത്. നഗരസഭയിലെ 15 മുതൽ 21വരെയുള്ള വാർഡുകളിൽ നിലവിൽ മറ്റ് പദ്ധതികളിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. കോട്ടമൺപാറ പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ മറ്റു വാർഡുകളിൽ കൂടുതൽ ജലലഭ്യത ഉണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന നഗരത്തിൽ നഗരസഭയുടെ ബദൽ ഇടപെടലാണ് ഇത്തരം പദ്ധതികളെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. പദ്ധതിയുടെ അവസാനഘട്ട പ്രവർത്തനം ചെയർമാൻ വിലയിരുത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ആമിന ഹൈദരാലി, ജെറി അലക്സ്, ഇന്ദിര മണിയമ്മ, അംബിക വേണു, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, കൗൺസിലർമാരായ വിമല ശിവൻ, സുജ അജി, മുനിസിപ്പൽ എൻജിനീയർ സുധീർരാജ്, വാട്ടർ അതോറിറ്റി എ.ഇ സതീദേവി തുടങ്ങിയവർ ചെയർമാനൊപ്പമുണ്ടായിരുന്നു. Photo: കോട്ടപ്പാറ കുടിവെള്ള പദ്ധതി ചെയർമാൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.