കോന്നി മെഡിക്കൽ കോളജിൽ പീഡിയാട്രിക് ഐ.സി.യു മാർച്ചിൽ

കോന്നി: മാര്‍ച്ച് ആദ്യവാരം തന്നെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐ.സി.യു സജ്ജമാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്‍റ്​ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയ മെഡിക്കല്‍ കമീഷന്‍റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. കോന്നി ഗവ. മെഡിക്കല്‍ കോളജ് ജില്ലയുടെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും ചികിത്സരംഗത്തും വലിയ ഉണര്‍വുണ്ടാക്കും. മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം പൂര്‍ണതോതിലേക്ക് മികച്ച രീതിയില്‍ എത്തിക്കാനുള്ള ഘട്ടംഘട്ടമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. 1500 ലിറ്റര്‍ ഉൽപാദന ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്‍റാണ് ഇതിന്‍റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ ചികിത്സക്കായി ഇപ്പോള്‍ ആശുപത്രിയെ ആശ്രയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 240 കിടക്കകളില്‍ പ്ലാന്‍റില്‍നിന്ന് നേരിട്ട് ഓക്‌സിജന്‍ എത്തും. പി.എസ്.എ ടെക്‌നോളജി ഉപയോഗിച്ചാണ് പ്ലാന്‍റ്​ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കയും 30 ഐ.സി.യു കിടക്കയും ഉൾപ്പെടെ 270 കിടക്കയാണുള്ളത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങിൽ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ്, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. ശ്രീകുമാർ, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസി ജോബ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍, പഞ്ചായത്ത്‌ അംഗങ്ങളായ ഷീബ, ജിഷ, ശ്രീകുമാർ, ജില്ല നിർമിതി കേന്ദ്രം എക്‌സിക്യൂട്ടിവ് എൻജിനീയർ സനൽ, എച്ച്​.എൽ.എൽ എൻജിനീയർ രോഹിത്, രഘുനാഥ്‌ ഇടത്തിട്ട, ഹനീഫ, റഷീദ് മുളന്തറ, സണ്ണി ജോർജ് കൊട്ടാരത്തിൽ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്- കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്‍റ്​ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.