പത്തനംതിട്ട: കുടിവെള്ള ക്ഷാമം നേരിടുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പ് പൊട്ടല്‍ മൂലമുള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഡിവിഷനുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. കോവിഡിനെ പ്രതിരോധിക്കുന്നതിന് ജില്ലയില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായി. സ്കൂളുകള്‍ തുറക്കുകയും പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കം നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജുഡീഷ്യല്‍ കോംപ്ലക്സ്, കോഴഞ്ചേരി പാലം അപ്രോച്ച് റോഡ് ഉള്‍പ്പെടെ ആറന്മുള മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രത്യേക യോഗം കലക്ടര്‍ വിളിക്കണം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കീച്ചേരിവാല്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം ആരംഭിക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. തിരുവല്ല ബൈപാസിലെ മല്ലപ്പള്ളി റോഡ് ജങ്ഷനിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. കറ്റോട്-തിരുമൂലപുരം, മനക്കച്ചിറ-കുറ്റൂര്‍ റെയില്‍വേ അടിപ്പാതകളിലെ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച യോഗം ഉടന്‍ ചേരണം. യുക്രെയ്ന് സംഘര്‍ഷത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജില്ലയില്‍നിന്ന് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുവരണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. കാട്ടുപന്നി ഉള്‍പ്പെടെ വന്യജീവി ശല്യം കൂടുതലുള്ള എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉള്‍പ്പെടുത്താൻ വിവരം തയാറാക്കി വനം മന്ത്രിക്ക് നല്‍കണം. ജില്ലയില്‍ പന്നിശല്യമുള്ള എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതും ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയില്‍ എലിഫന്റ് സ്‌ക്വാഡ് രൂപവത്കരിക്കുന്നതിന് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച് ജില്ലതലത്തില്‍ യോഗം വിളിക്കും. ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.