നോക്കുകൂലി നൽകിയില്ല; തടി വ്യാപാരിക്ക്​ മർദനം

തിരുവല്ല: നോക്കുകൂലിയുടെ പേരിൽ തടി വ്യാപാരിയെ മർദിച്ച സംഭവത്തിൽ രണ്ട് സി.ഐ.ടി.യു തൊഴിലാളികൾക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തടി വ്യാപാരി വെണ്ണിക്കുളം പുളിക്കൽ വീട്ടിൽ സുബൈർ റാവുത്തറെ മർദിച്ച സംഭവത്തിലാണ് ഇരവിപേരൂരിലെ സി.ഐ.ടി.യു പ്രവർത്തകരായ ബിജു, പൊടിമോൻ എന്നിവർക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇരവിപേരൂരിലെ സ്വകാര്യ പുരയിടത്തിൽനിന്ന ആഞ്ഞിലി രണ്ടാഴ്ചമുമ്പ് സുബൈർ വിലയ്ക്ക് വാങ്ങിയിരുന്നു. ഇത് വെട്ടാനെത്തിയപ്പോൾ ബിജുവും പൊടിമോനും അടങ്ങുന്ന സംഘം 6500 രൂപ ആവശ്യപ്പെട്ടു. 3500 രൂപ നൽകാമെന്ന് സുബൈർ പറഞ്ഞെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് തടി ലോറിയിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് പണം ആവശ്യപ്പെട്ട് സുബൈറിനെ തൊഴിലാളികൾ നിരന്തരം ഫോണിൽ വിളിച്ചു. ഇത് തുടർന്നതോടെ സുബൈർ സി.പി.എം ഇരവിപേരൂർ ഏരിയ കമ്മിറ്റി ഓഫിസിലെത്തി പരാതി പറഞ്ഞു. ഇതിനുപിന്നാലെയാണ് മർദനമേറ്റത്. പരിക്കേറ്റ സുബൈർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അസഭ്യം പറഞ്ഞതായി കാട്ടി സി.ഐ.ടി.യു തൊഴിലാളിയായ ബിനു നൽകിയ പരാതിയിൽ സുബൈറിനെതിരെയും കേസെടുത്തതായി തിരുവല്ല പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.