അടൂർ കാറപകടം: കാരണം അമിതവേഗമെന്ന്; ഡ്രൈവർ ശരത്തിനെതിരെ പൊലീസ് കേസെടുത്തു

അടൂർ: അടൂരിൽ ബുധനാഴ്ച ഉച്ചക്ക് മൂന്നുപേർ മരിക്കാനിടയായ അപകടത്തിന്​ കാരണമായ കാർ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. അപകടകാരണം അമിതവേഗമാണെന്നും ഡ്രൈവർ ശരത്തിന്‍റെ ലൈസൻസ് സസ്​പെൻഡ്​ ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. ശരത്തിനെതിരെ അടൂർ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അടൂർ ബൈപാസിൽ കരുവാറ്റ പള്ളിക്കുസമീപം കാർ കനാലിലേക്ക് മറിഞ്ഞത്. ഇളമാട് അമ്പലംമുക്കിലെ അമൽ ഷാജിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വധുവിന് പുടവ നൽകാൻ ഹരിപ്പാട്ടേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. ആയൂർ സ്വദേശികളായ ശ്രീജ(51), ശകുന്തള (53), ഇന്ദിര (60) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ശരത്, മരിച്ച ഇന്ദിരയുടെ മകൾ ബിന്ദു (36), ബിന്ദുവിന്‍റെ മകൻ അലൻ (14) എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വരന്‍റെ അടുത്ത ബന്ധുക്കളടക്കം അപകടത്തിൽ മരിച്ചതിനാൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന അമലിന്‍റെ വിവാഹം മാറ്റിവെച്ചു. മൃതദേഹങ്ങൾ പോസ്റ്റ്​മോർട്ടം നടപടി പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.