തിരുവല്ലയിൽ കോവിഡ്​ വ്യാപനം രൂക്ഷം

തിരുവല്ല: കോവിഡ് മൂന്നാംഘട്ട വ്യാപനം തിരുവല്ലയിൽ അതിരൂക്ഷം. ജില്ല ആസ്ഥാനമായ പത്തനംതിട്ട കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സ്ഥലമായി തിരുവല്ല മാറി. ഒരാഴ്ചക്കിടെ ആശുപത്രികളിലും ബാങ്കുകളിലും സ്‌കൂളുകളിലും ഓഫിസുകളിലും ഉൾപ്പെടെ നിരവധി ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഒമിക്രോൺ വൈറസാണ്​ പടരുന്നതെന്നാണ്​ അനുമാനം. ഇപ്പോൾ പരിശോധന നടത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. മിക്കവരും പനിബാധിതരായി വീടുകളിൽ തന്നെ കഴിയുകയാണ്​. അതേസമയം, രോഗലക്ഷണങ്ങളുമായി പരിശോധക്ക്​ എത്തുന്നവരിൽ 90ശതമാനം കോവിഡ് പോസിറ്റീവാണ്. കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്ന കണക്കിൽ 196 പേർ തിരുവല്ല നഗരസഭയിൽ മാത്രം രോഗബാധിതരായി. തിരുവല്ല നഗരസഭ പ്രദേശത്ത്​ കോവിഡ് ബാധിതരായ രണ്ടായിരത്തോളംപേർ ഇപ്പോൾ ചികിത്സയിലാണ്. ശനിയാഴ്ച നഗരസഭയിൽ മാത്രം196 പേർക്ക് പുതുതായി രോഗബാധ ഉണ്ടായി. പെരിങ്ങര 22, ഇരവിപേരൂർ 80 കടപ്ര 19, കവിയൂർ 23, കുറ്റൂർ 15, നെടുമ്പ്രം 13, നിരണം 12 എന്നിങ്ങനെയാണ്​ ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്​. ഒ.പിയിൽ ചികിത്സ തേടിയെത്തുന്നവരിൽ ഡോക്ടർമാർ നിർദേശിക്കുന്ന രോഗലക്ഷണമുള്ളവർ മാത്രമാണ് ഇപ്പോൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്. ഗുരുതരപ്രശ്‍നങ്ങൾ ഉള്ളവരെ മാത്രമാണ് ആശുപത്രികളിൽ കിടത്തുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.