മരണംവരെ ഇനി മാജിക്കില്ല -ഗോപിനാഥ് മുതുകാട്

കോന്നി: തന്‍റെ പത്താംവയസ്സിൽ തുടങ്ങി കഴിഞ്ഞ 45വർഷം നെഞ്ചിൽ കൊണ്ടുനടന്ന ഇഷ്ടകാമുകിയായ മാജിക്കിനോട് വിടപറഞ്ഞെന്നും ഇനി ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പമായിരിക്കും മരണംവരെയുള്ള ജീവിതമെന്നും മജീഷ്യൻ ഗോപിനാഥ് മുതുകാട്. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷം മുമ്പ് കാസർകോട്​ എൻഡോസൾഫാൻ ബാധിതരുമായി ഇടപെട്ടതോടെയാണ് ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവരോടൊപ്പം അവരുടെ ജീവിതത്തിന്‍റെ ഭാഗമാകാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പത്താംക്ലാസ്, പ്ലസ് ടു തലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയും റാങ്ക് ജേതാക്കൾക്കുമുള്ള ആദരവായ കോന്നി മെറിറ്റ് ഫെസ്റ്റ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പ്രവാസി കൂട്ടായ്മ ലാപ്ടോപ് ചടങ്ങിൽവെച്ച് കൈമാറി. 400 കുട്ടികളെ ആദരിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ ജില്ല പഞ്ചായത്ത് അഗം റോബിൻ പീറ്റർ അധ്യക്ഷതവഹിച്ചു. എസ്. സന്തോഷ്​കുമാർ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, ജില്ല പഞ്ചായത്ത് അംഗം വി.ടി. അജോമോൻ, കൾച്ചറൽ ഫോറം കൺവീനർ ദീനാമ്മ റോയി, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ബിനു കെ.സാം, റാങ്ക് ജേതാവ് ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.