ചെറുമല വടക്കെ ചെറുക്കോണത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

പന്തളം: സുരേഷ് ഗോപി എം.പിയുടെ സഹായത്തോടെ നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച സുരേഷ്ഗോപി നിർവഹിക്കും. ബുധനാഴ്ച വൈകീട്ട്​ മൂന്നിന് ചെറുമല വടക്കെ ചെറുക്കോണത്താണ്​ ഉദ്ഘാടനം. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിക്കും. മുടിയൂർകോണം പ്ലാപ്പള്ളിൽ ദശമി സുന്ദർ എന്ന പെൺകുട്ടി കുടിവെള്ളത്തിനായി കേഴുന്ന കഥ ഫേസ്ബുക്കിൽ കുറിച്ചതിനെ തുടർന്ന്​ സുരേഷ് ഗോപി എം.പി നേരിട്ടെത്തി ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു. ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നതോടെ ദശമിയുടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. നഗരസഭയിലെ 33ാം വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്​. ഒരു പൊതു കിണർ മാത്രമാണുള്ളത്​. തങ്ങൾ അനുഭവിക്കുന്ന വറുതിയുടെ സങ്കടകഥ ദശമി സുന്ദർ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഫേസ്​ബുക്കിൽ കുറിച്ചത്. ഇത്​ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. എം.പി ഫണ്ടിൽനിന്ന്​ ഇവിടെ പൈപ്പ് ലൈൻ വലിക്കാൻ വേണ്ടി അഞ്ചര ലക്ഷം രൂപ അനുവദിച്ചു. എസ്റ്റിമേറ്റ് എടുത്തെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ എം.പി ഫണ്ട് അസാധുവായി. പിന്നെയും പലതവണ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്​ സുരേഷ് ഗോപി എം.പിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ള ലക്ഷ്​മി ചാരിറ്റബിൾ ട്രസ്റ്റിൽനിന്നാണ് തുക അനുവദിച്ചത്. മുമ്പ് ഒരുതവണ പന്തളത്ത് എത്തിയ സുരേഷ് ഗോപി ദശമിയുടെ പക്കൽ രണ്ടര ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. 33ാം വാർഡിലെ വടക്കേ ചെറുകോണം, മന്നത്ത് കോളനി ഭാഗത്തെ രൂക്ഷമായ കുടിവെള്ളം ക്ഷാമത്തിന്​ ഇതോടെ പരിഹാരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.