അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാനപാതയിലെ (എസ്.എച്ച്-അഞ്ച്) കുഴികൾ നിരവധി അപകടങ്ങൾക്കും അപകട മരണങ്ങൾക്കും കാരണമായിട്ടും അടക്കാൻ പൊതുമരാമത്ത് അധികൃതർ നടപടിയെടുക്കുന്നില്ല. ജല അതോറിറ്റി അടൂർ സെന്‍ട്രൽ കവല മുതൽ പത്തനാപുരം കല്ലുംകടവ് വരെ പാതയിൽ ഇടക്കിടെയുള്ള കുഴികളാണ് ഇരുചക്രവാഹന യാത്രികരെ അപകടത്തിലാക്കുന്നത്. കൂടാതെ വാഹനങ്ങൾക്ക് ഭീഷണിയായ പ്ലാന്‍റേഷൻ മുക്ക് മുതൽ പൈപ്പിട്ട് ഇളകിയ സ്ഥലം വരെ നവീകരിക്കാൻ ഭരണാനുമതിയായിട്ട് നാലുമാസം കഴിഞ്ഞു. അടുത്തിടെ ഇവിടെ കുഴി വെട്ടിച്ച് ഓടിക്കുന്നതിനിടെ ലോറിയിടിച്ച് കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രികൻ മരിച്ചിരുന്നു. ജല അതോറിറ്റി ദ്രുതഗതിയിൽ പൈപ്പിട്ടതിനു പിന്നാലെ ടാറിങ് നടത്തിയ പട്ടാഴിമുക്ക്-അടൂർ സെന്‍ട്രൽ നാലര കിലോമീറ്റർ പാതയുടെ ഇരുവശവും താഴേക്കിരുത്തി അപകടാവസ്ഥയിലായതാണ്. 2019 സെപ്റ്റംബർ 24നാണ് 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് വിജിലൻസ് പരിശോധന നടത്തി പാതയിലെ ക്രമക്കേട് കണ്ടെത്തിയത്. വിജിലൻസ് പരിശോധനയിൽ കെ.പി റോഡിന്റെ നാശാവസ്ഥക്ക് കാരണമായി ജലവിഭവ വകുപ്പ് ചെയ്ത പണികൾ വിജിലൻസ് പ്രത്യേകം പരിശോധിച്ചു. അടൂർ സെന്‍ട്രൽ മുതൽ പത്തനാപുരം വരെ പോകുന്ന കെ.പി റോഡ് പരിശോധിച്ചതിൽ വലിയ അപാകതയാണ് ആദ്യ അന്വേഷണത്തിൽതന്നെ കണ്ടെത്തിയത്. ഏഴംകുളം പട്ടാഴിമുക്ക് ജങ്ഷനു സമീപം റോഡിന്‍റെ ഇരുവശവും വലിയരീതിയിൽ താഴ്ന്നു തുടങ്ങിയതും ഇരുചക്രവാഹനങ്ങൾ ഈ ഭാഗത്തുകൂടി പോകുമ്പോൾ ഏറ്റക്കുറച്ചിലുകൾ കാരണം തെന്നിവീഴാൻ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. ഇതിനു കാരണമായി വിജിലന്‍സ് പറഞ്ഞിരുന്നത് ജലവിഭവ വകുപ്പിന്‍റെ അനാസ്ഥയാണെന്നാണ്. ഉടൻ പാത ടാറിങ്ങും ബിറ്റുമിനും പൂര്‍ണമായി ഇളക്കി ശരിയായ രീതിയിൽ ടാറിങ് നടത്താനും വിജിലന്‍സ് നിർദേശം നല്‍കിയിരുന്നു. ചീഫ് എൻജിനീയറോട് നേരിട്ട് പണികൾ നടത്താൻ നിർദേശം നല്‍കി അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ 25 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. പാതകളുടെ ടാറിങ്ങിന് 5.72 രൂപ ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നല്‍കുകയും ചെയ്തു. പണം തികഞ്ഞില്ലെങ്കിൽ വേണ്ടത്ര തുക ചെലവാക്കി പാത സഞ്ചാരയോഗ്യമാക്കണമെന്നും മന്ത്രി ചീഫ് എൻജിനീയര്‍ക്ക് നിർദേശം നല്‍കിയതാണ്. എന്നാൽ, 25 ലക്ഷം രൂപ തികയില്ലെന്നു പറഞ്ഞ് രണ്ട് കലുങ്കുകളുടെ കൂടി പണികൾ നടത്താൻ എസ്റ്റിമേറ്റ് തുക പുതുക്കി ഉടൻ പണികൾ നടത്തുമെന്ന് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എൻജിനീയർ ബിനു കൂടക്കൂടെ പറഞ്ഞതല്ലാതെ പരിഹാരം കണ്ടില്ല. അപാകം പരിഹരിക്കാത്തതും പാത കൂടുതൽ അപകടാവസ്ഥയിലേക്ക് മാറുന്നതും സംബന്ധിച്ച് 'മാധ്യമം' 2021 നവംബര്‍ 17ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയിൽപെട്ട പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് ഉടൻ പരിഹാരത്തിന് നിർദേശം നല്‍കി. ഇതിനു മുമ്പ് ഇക്കാര്യത്തിൽ എസ്റ്റിമേറ്റ് നല്‍കാതെ അലംഭാവം കാട്ടിയ നിലവിലെ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്കെതിരെ വിമർശനവുമുയര്‍ന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഒടുവിലാണ് 92.90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. കുടിവെള്ള വിതരണ പൈപ്പ് മാറ്റിയിടൽ, കലുങ്ക്, റോഡ് നവീകരണം എന്നിവക്കാണ് തുക അനുവദിച്ചത്. പ്ലാന്റേഷൻ മുക്ക് മുതൽ ഏഴംകുളം വരെ പാത മുറിച്ച് മാറ്റുന്നതാണ് ആദ്യ ഘട്ടം. ഇവിടെ പുതിയ റോഡ് നിർമിക്കാനാണ് പദ്ധതി. മറ്റു ഭാഗങ്ങളും ഇതുപോലെ തന്നെ നിർമാണം നടത്തുമെന്നും പറഞ്ഞിരുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത്-അടൂർ നഗരസഭ അതിര്‍ത്തിയിലെ വെള്ളഞ്ചിപ്പാലത്തിനരികിൽ പാതയിൽ വിള്ളല്‍ രൂപപ്പെട്ട് പിളര്‍ന്ന് അടര്‍ന്നുമാറിയത് കൂടുതൽ അപകടാവസ്ഥയിലേക്കു നീങ്ങുകയാണ്. കോട്ടമുകള്‍ കവലക്കു പടിഞ്ഞാറ് പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസിനു തൊട്ടടുത്ത് മാടാങ്കുളഞ്ഞിപടിയിലെ കലുങ്ക് അപകടത്തിലാണ്. ഇളമണ്ണൂരിൽ സബ് രജിസ്ട്രാര്‍ ഓഫിസിനു കിഴക്ക് കലുങ്ക് തകര്‍ന്ന് ഒരാള്‍ താഴ്ചയില്‍ കുഴിയായിട്ട് മാസത്തിലേറെയായി. മാസങ്ങള്‍ക്കു മുമ്പ് ഇവിടെ ടാറിങ് ഇളകി കുഴി രൂപപ്പെട്ടിരുന്നു. ഇതിനു പരിഹാരം കാണാതെ ഒടുവിൽ കലുങ്കിന്‍റെ മേല്‍മൂടികൂടി തകരുകയായിരുന്നു. അന്തര്‍സംസ്ഥാന തൊഴിലാളികളാണ് ആദ്യം ഇതുകണ്ട് കുഴിയില്‍ ചെടി നട്ടുവെച്ചത്. പിന്നീട് നാട്ടുകാര്‍ ഈ കുഴിയില്‍ വാഴനട്ട് ഡ്രൈവര്‍മാരുടെ ശ്രദ്ധക്ഷണിച്ചു. ടാര്‍വീപ്പകള്‍ ചുറ്റുംവെച്ച് റിബൺ കെട്ടുക മാത്രമാണ് പൊതുമരാമത്ത് അധികൃതര്‍ ചെയ്തത്. രാത്രി മഴകൂടിയുള്ളതിനാൽ ഇത് ശ്രദ്ധിക്കാതെ വാഹനങ്ങൾ ടാർ വീപ്പയിൽ ഇടിച്ചു മറിഞ്ഞ് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ജലഅതോറിറ്റി കുടിവെള്ള പൈപ്പ് പൊട്ടിയതിനുശേഷം അറ്റകുറ്റപ്പണിക്കു ശേഷം ശരിയായി മൂടി ടാറിങ് നടത്താത്ത കുഴികള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ദൂരെ നിന്നു കാണാന്‍ കഴിയില്ല. സെന്‍ട്രല്‍ കവലക്കു കിഴക്ക്, കണ്ണങ്കോട് മസ്ജിദ് ജങ്ഷനു സമീപം, പൊതുമരാമത്ത് ഓഫിസിനു സമീപം, കോട്ടമുകള്‍ ജങ്ഷന്‍, ടി.ബി ജങഷന്‍, പറക്കോട് എക്‌സൈസ് ഓഫിസിനു മുന്‍വശം, പറക്കോട് ഫെഡറല്‍ ബാങ്കിനു സമീപം, ശക്തി തിയറ്ററിനു സമീപം, ഏഴംകുളം, പ്ലാന്റേഷന്‍മുക്ക്, ആലയില്‍പടിക്കു കിഴക്ക്, മരുതിമൂട് കോണ്‍വെന്റിനു മുന്‍വശം, കുതിരമണ്‍ കുരിശടിക്കു സമീപം, ഇളമണ്ണൂർ സബ് രജിസ്ട്രാര്‍ ഓഫിസിനു കിഴക്ക്, ഏനാദിമംഗലം സി.എച്ച്.സിക്കു പടിഞ്ഞാറ്, ചാങ്കൂര്‍, കല്ലുവളയം, മാരൂര്‍, പുതുവല്‍ എന്നിവിടങ്ങളില്‍ ഇത്തരം കുഴികളും ഭാഗികമായി അടച്ച് അപകടാവസ്ഥയിലുള്ള കുഴികളുമുണ്ട്. ജല അതോറിറ്റി റെസ്റ്റോറേഷൻ ഫീസ് അടച്ചിട്ടും പൊതുമരാമത്ത് അധികൃതർ കുഴി അടക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. വിജിലന്‍സ് ഇളക്കി പണിയാന്‍ നിർദേശിച്ച പട്ടാഴിമുക്ക്-അടൂര്‍ ദൂരം മൂന്നുതവണ ടെന്‍ഡര്‍ വിളിച്ചിട്ടും കരാര്‍ എടുക്കാന്‍ ആളില്ലെന്നും ഉടൻ പരിഹാരം കാണുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആവര്‍ത്തിച്ചു പറയുന്നു. byline അന്‍വര്‍ എം. സാദത്ത് PTL ADR Road Kuzhi Package Item കായംകുളം - പത്തനാപുരം സംസ്ഥാനപാതയിൽ ഇളമണ്ണൂർ സബ് രജിസ്ട്രാർ ഓഫിസിനു കിഴക്കുവശത്തെ കുഴി. ചുറ്റും ടാർവീപ്പ വെച്ച് റിബൺ കെട്ടിയിരിക്കുന്നതും കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.