'സവിശേഷം വിശേഷം' പംക്​തിയിലേക്ക്​

പന്നിയാണ്​ താരം നാലു​പേർ കൂടുന്ന കവലകളിലെല്ലാം പന്നിയുടെ വിശേഷമാണ്​ ചർച്ച​. വല്ലതും നടക്കുമോ? എന്നാണ്​ കർഷകർ ചോദിക്കുന്നത്​. മുമ്പ്​ ഒരു ഉത്തരവ്​ വന്നായിരുന്നല്ലോ. അക്രമകാരികളായ പന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകി. ചരിത്ര സംഭവമെന്നാണ്​ അന്ന്​ ഉത്തരവ്​ ഇറക്കിയവർ പിന്നാലെ ഇറങ്ങി നാടാകെ പറഞ്ഞ്​ നടന്നത്​. അതുകേട്ട്​ ആ..ഹാ.. എന്നുപറഞ്ഞ്​ സന്തോഷിച്ചവരാണ്​ തങ്ങളെന്ന്​ കർഷകർ പറയുന്നു. കൊല്ലം ഒന്നാകുന്നു. ഇതുവരെ വെടിയേറ്റ്​ മരിക്കാൻ ഭാഗ്യം സിദ്ധിച്ചത്​ നാലഞ്ച്​ പന്നികൾക്ക്​ മാത്രമാണ്​. അതുപോലെ വേലയിറക്കലാകുമോ ഇപ്പോഴത്തെ ഉത്തരവുമെന്നാണ്​ കർഷകർ സംശയിക്കുന്നത്​. അന്നത്തേതിന്​ സമാനമാണ്​ ഇപ്പോഴത്തെയും ഉത്തരവിലെ വ്യവസ്ഥകൾ. പന്നി അക്രമകാരിയാണെന്ന്​ അന്ന്​ വനംവകുപ്പിന്​ ബോധ്യംവരണമായിരുന്നു. ഗർഭപരിശോധന നടത്തണമായിരുന്നു. പ്രസവാനന്തര ശുശ്രൂഷയിൽ കഴിയവെ വേലിചാടിയതാണോ എന്ന്​ അന്വേഷിച്ച്​ കണ്ട്​പിടിക്കണമായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടുകളെല്ലാം 'ഓ.കെ' യായാൽ തോക്കുള്ളയാളെ കണ്ടുപിടിക്കണമായിരുന്നു. കള്ളത്തോക്കാണോ എന്ന്​ തിരക്കണമായിരുന്നു. പന്നിക്കിട്ട്​ വെടിവെച്ചാൽ കൊള്ളുന്നത്​ അതിനുതന്നെയാകാൻ തക്കവിരുതുള്ള ആളാണോ എന്ന്​ ഉറപ്പിക്കണമായിരുന്നു. അതൊക്കെ തന്നെയല്ലേ ഇപ്പോഴത്തെയും സ്ഥിതിയെന്ന്​ കർഷകർ ചോദിക്കുന്നു. ഇപ്പോൾ അന്വേഷണ റിപ്പോർട്ടുകളെല്ലാം പഠിച്ച്​ 'ഓ.കെ' പറയേണ്ടത്​ പഞ്ചായത്ത്​ പ്രസിഡന്‍റോ സെക്രട്ടറിയോ ആകണമെന്ന വ്യത്യാസമല്ലേയുള്ളൂ എന്നവർ ചോദിക്കുന്നു. തോക്കില്ലെങ്കിൽ കുരുക്കിടാമെന്ന്​ പറയുന്നു. അതൊക്കെ ചെയ്തിട്ട്​ പിന്നെ എന്തെല്ലാം കുരുക്കിൽ ചാടേണ്ടിവരുമെന്നും ചോദിക്കുന്നു. കേരള ഹൈകോടതിയിൽ ഡബ്ല്യു.യു.പി.സി 12496ആം നമ്പറായി നൽകിയ കേസിൽ അനുകൂലമായ ഉത്തരവ് 2021 ജൂലൈ 23ന്​ വന്നിട്ടുണ്ട്​. കേസിൽ കക്ഷിചേർന്ന ആളുകൾക്ക് ഉപാധിരഹിതമായി അവരുടെ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വകവരുത്താൻ വിധിയിലൂടെ അനുമതി നൽകി. ആ വിധി കിട്ടിയവർ പന്നികളോട്​ എന്തുവേണമെങ്കിലും കാണിച്ചോട്ടെ മറ്റുള്ളവർ അതിന്‍റെ പേരിൽ പന്നികളെ തൊട്ടാൽ തീക്കളിയാകുമെന്നാണ്​ വനംവകുപ്പ്​ പറയുന്നത്​. ഇതെന്ത്​ നീതി, ഇതെന്ത്​ ഭരണം എന്ന്​ ഉറക്കെ വിളിച്ചുപറഞ്ഞ്​ നടന്നവർ ഭരിക്കുമ്പോൾ ഇങ്ങനെ ഇരട്ട നീതിക്ക്​ അവസരമൊരുക്കുന്നത്​ തങ്ങളെ പൊട്ടരാക്കുകയല്ലേ എന്നും അവർ ചോദിക്കുന്നു. അങ്ങിനെ ഒരു വിധിയുണ്ടെങ്കിൽ അത്​ സംസ്ഥാനം മുഴുവൻ ബാധകമാക്കി സർക്കാർ റൂൾ ഇറക്കിയാൽ മതിയെന്ന്​ നിയമ വിദഗ്​ധർ പറയുന്നു. വനംമന്ത്രിക്കും കൃഷി മന്ത്രിക്കും നിയമമന്ത്രിക്കും ഒന്നും അത്​ ബോധ്യപ്പെടുന്നില്ല. കാരണം അവർ പന്നികളുടെ പടമേ കണ്ടിട്ടുള്ളൂ. അവറ്റകളുടെ പരാക്രമം അനുഭവിച്ചിട്ടില്ല. ഇതെല്ലാം പറഞ്ഞ്​ പാവം കർഷകർ തോക്കുള്ളവനെ തേടിയും കുരുക്കൊപ്പിക്കാൻ വേണ്ടിയും മണ്ടി നടക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.