*ഈ സൂക്കേടിന് മന്ത്രിയുടെ കൈയിൽ മരുന്നില്ല അന്ന് തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ജനം കൈയടിച്ചു. പക്ഷേ... അന്നേ പാർട്ടിയിൽ ഒരു ചോദ്യമുയർന്നു ആരിവൾ? എന്ന്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർഥിയെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് മനസ്സിലായി. ആരിവളെന്ന ചോദ്യമുയർത്തിയവരും മനസ്സില്ലാമനസ്സോടെ അത് സ്വീകരിച്ചു. രണ്ടാമൂഴവും സ്ഥാനാർഥി അതു തന്നെയായപ്പോഴേക്കും വീണ്ടും പാർട്ടിയിൽ ആ ചോദ്യമുയർന്നു. ആരിവൾ?. ആദ്യം ചോദ്യമുയർന്ന സമയത്ത് പലർക്കും ആളെ അറിയായ്ക ഉണ്ടായിരുന്നു. രണ്ടാമത് ചോദ്യം ഉയർന്നപ്പോൾ അതുയർത്തിയവർക്ക് ഒരു സൂക്കേട് ഇല്ലേ എന്ന് സംശയിക്കപ്പെട്ടു. രണ്ടാമൂഴത്തിൽ കഥാനായിക മന്ത്രിപദത്തിലുമെത്തിയപ്പോൾ ആരിവൾ? എന്ന ചോദ്യം മൂന്നാമതുമുയർന്നു. മൂന്നാമതായപ്പോൾ ചോദ്യം ഉയർത്തുന്നവരുടെ എണ്ണം കൂടിയിരുന്നു. അതോടെ സൂക്കേട് സ്ഥിരീകരിക്കപ്പെട്ടു എന്നു മാത്രമല്ല, കൂടുതൽ പേരിലേക്ക് പടർന്നുവെന്നും വെളിപ്പെട്ടു. പുരാതനകാലം മുതൽ പുകൾപെറ്റ 'അസൂയ' എന്ന ഈ സൂക്കേടിന് മരുന്ന് ഇന്നുവരെ ആരും കണ്ടുപിടിക്കാത്തതിനാൽ ആരോഗ്യമന്ത്രിയായിട്ടും കഥാനായികയായ വീണ ജോർജിന് അതുകണ്ട് നിസ്സഹായയായി നിൽക്കാനേ കഴിയുന്നുള്ളൂ. ഇതുവരെ ഈ സൂക്കേടുകാർ ഏറെ മന്ത്രിയുടെ സ്വന്തം പാർട്ടിയിലുള്ളവരായിരുന്നു. മറ്റ് പാർട്ടിക്കാരിലേക്കും പടരുന്നു എന്നതാണ് ഇപ്പോഴത്തെ വിശേഷം. അതാണ് മന്ത്രിക്കെതിരെ സി.പി.ഐയിൽനിന്നുയരുന്ന പ്രതിഷേധം സൂചിപ്പിക്കുന്നതെന്ന് കവലകളിൽ കൂടിയിരുന്ന് വിശേഷം പറയുന്നവർ പറയുന്നു. രോഗികൾക്ക് മരുന്നിനെക്കാൾ പ്രധാനമാണ് സാന്ത്വനവും പരിലാളനവും. അത് നൽകാതിരിക്കുന്നത് ക്രൂരതയല്ലേ. രോഗം അസൂയയും ശത്രുതയുമാണ്. ഒന്നു സോപ്പിട്ടാൽ ഇതുരണ്ടും പാതിശമിക്കില്ലേ. അല്പം സാന്ത്വനവും പരിലാളനവും ഈ രോഗികൾക്ക് പകർന്ന് നൽകിക്കൂടേ... സോപ്പിട്ട് പാട്ടിലാക്കുന്ന സൂത്രം പക്ഷേ മന്ത്രി പുറത്തെടുക്കുന്നില്ല. അതെന്താ അങ്ങനെ എന്നുചോദിച്ചാൽ ചിലർ പറയുന്ന വിശേഷം ഇങ്ങനെ: മന്ത്രിയുടെ പിടിപാട് കണ്ണൂർ ലോബിയുമായാണ്. അതാണ് മന്ത്രി ഇവിടെ ആരെയും മൈൻഡ് ചെയ്യാത്തത്. കണ്ണൂരെ പാർട്ടിക്കാർക്ക് കാർക്കശ്യമേ വശമുള്ളൂ. അവരുടെ വശത്തായതിനാൽ മന്ത്രിക്കും സോപ്പിങ്ങിൽ പിടിപാടില്ല. എന്നാലും മന്ത്രിയും സ്വന്തം നേതാക്കളും ഇങ്ങനെ ശത്രുപക്ഷങ്ങളിൽനിന്നാൽ എങ്ങനാ...? എപ്പഴാ കാര്യങ്ങൾ പിടിവിട്ട് പോകുന്നതെന്ന് അറിയാൻ പറ്റുമോ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.