മൈലപ്ര ബാങ്ക് തട്ടിപ്പ്​: പ്രതിഷേധം വിലക്കി ഭരണകക്ഷികൾ

സി.പി.എം നേതാവുകൂടിയായ ബാങ്ക്​ പ്രസിഡന്‍റിനെതിരെ പ്രതിഷേധം കനക്കുന്നു ​ പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പിൽ അണികൾ നടത്തുന്ന പ്രതിഷേധത്തിന്​ വിലക്കേർപ്പെടുത്തി സി.പി.എം- സി.പി.ഐ ജില്ല നേതൃത്വങ്ങൾ​. ബാങ്കിലെ ക്രമക്കേടിനെതിരെ പരസ്യ പ്രതികരണവുമായി ആരും രംഗത്തെത്തരുതെന്നാണ്​​ കർശന നിർദേശം. പാർട്ടി നേതൃത്വങ്ങളുടെ നിലപാടിനെതിരെ മൈലപ്രയിൽ കനത്ത ജനരോഷം ഉയർന്നിട്ടുണ്ട്​. ജോയന്റ് രജിസ്ട്രാർ നടത്തിയ ഓഡിറ്റിങ്ങിൽ വൻ ക്രമക്കേട്​ കണ്ടെത്തിയ സാഹചര്യത്തിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും അഴിമതിക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാങ്കിലേക്കും പ്രസിഡന്റ്​ ജെറി ഈശോ ഉമ്മന്‍റെ വീട്ടിലേക്കും വിവിധ പാർട്ടികൾ പ്രതിഷേധങ്ങൾ നടത്തിവരുകയാണ്​. നേരത്തേ കേരള കോൺഗ്രസ്​ അംഗമായിരുന്ന​ ജെറി ഈശോ ഉമ്മൻ ഇപ്പോൾ സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ്. ബാങ്ക്​ പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക്​ കഴിഞ്ഞയാഴ്ച സി.പി.എം മൈ​ലപ്ര ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. തുടർന്നാണ്​ സി.പി.എം ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ യോഗം കൂടി പ്രതിഷേധം വിലക്കിയത്​. സി.പി.ഐ ലോക്കൽ കമ്മിറ്റിയും മാർച്ച്​ നടത്താൻ തീരുമാനിച്ചിരുന്നു. സി.പി.എം വിലക്കിന്​​ പിന്നാലെയാണ്​ അവർക്കും വിലക്കു വന്നത്. ചൊവ്വാഴ്ച ചേർന്ന സി.പി.എം ലോക്കൽ കമ്മിറ്റി യോഗത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെതിരെ നടപടി വേണ്ടെന്നാണ്​ ജില്ല നേതൃത്വത്തിന്‍റെ നിലപാട്​. ബാങ്ക് ഭരണസമിതിക്കോ പ്രസിഡന്റിനോ എതിരെ സമര പരിപാടികൾ അനുവദിക്കില്ലെന്നു സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആർ. പ്രസാദ്, പി.ബി. ഹർഷകുമാർ, സജി കുമാർ എന്നിവർ കഴിഞ്ഞയാഴ്ച മൈലപ്രയിൽ കൂടിയ ലോക്കൽ കമ്മിറ്റി യോഗത്തിൽ വിശദീകരിച്ചിരുന്നു. ​എന്നാൽ, ​പ്രതിഷേധ പ്രകടനം നടത്തിയവരുടെ പേരിൽ നടപടി ഉണ്ടാകില്ല. നടപടി എടുത്താൽ അത്​ എൽ.ഡി.എഫിന്​ പഞ്ചായത്ത്​ ഭരണം നഷ്ടമാകാനും ഇടയാക്കും. ലോക്കൽ കമ്മിറ്റി അംഗം ജോഷി കെ. മാത്യുവിന്‍റെ നേതൃത്വത്തിലാണ്​ പന്തംകൊളുത്തി പ്രകടനം നടത്തിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ സി.പി.എമ്മിന്‍റെ പഞ്ചായത്ത്​ അംഗമാണ്​​. പഞ്ചായത്തിൽ എൽ.ഡി.എഫ്-ഏഴ്​​, യു.ഡി.എഫ്- ആറ്​​ എന്ന നിലയിലാണ്​ ​കക്ഷിനില. ഒരാൾ കൂറുമാറിയാൽ ഭരണവും നഷ്ടമാകും. ------------ നട്ടംതിരിഞ്ഞ്​ നിക്ഷേപകർ പണം നഷ്ടപ്പെട്ട നിക്ഷേപകർ ദിവസവും ബാങ്കിൽ കയറിയിറങ്ങുകയാണ്​. പണം തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. നിക്ഷേപകരുടെ പണം തിരിച്ചുനൽകണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും സമരത്തിലാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്​ 27ന്​ ബി.ജെ.പി പഞ്ചായത്തിൽ ഹർത്താൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്​. അമൃത ഫാക്ടറിയിലെ ഗോതമ്പിന്റെ കണക്കുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്​. പാലാ, മീനച്ചിൽ മാർക്കറ്റിങ് സംഘങ്ങൾക്ക് നൽകിയ കോടികൾ കിട്ടാനുണ്ട്. അത് തിരിച്ചുകിട്ടുന്ന കാര്യത്തിലും ഒരു ഉറപ്പുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.