ആടിനെ പുലി പിടിച്ചു; ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം

വടശ്ശേരിക്കര: ആടിനെ പുലി പിടിച്ചതിനെ തുടർന്ന്​ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ചത്ത ആടുകളെ കെട്ടിത്തൂക്കി പ്രതിഷേധം. മീൻകുഴിയിൽ കൊടിതോപ്പിൽ ജനവാസ കേന്ദ്രത്തിൽ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ്​ പുലി ആക്രമിച്ചു കൊന്നത്​. ചിറ്റാർ വി.കെ.എൽ എസ്റ്റേറ്റിലെ കൂട്ടിൽ കയറിയാണ് പുലിയുടെ അക്രമം. പുത്തൻപുരക്കൽ കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള അഞ്ച് ആടിനെയാണ് കൊന്നത്. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. രാവിലെ 10ന്​ കൊച്ചുമോൻ ആടിന് തീറ്റയും വെള്ളവും നൽകിയ ശേഷം എസ്റ്റേറ്റിലേക്ക് പോയി തിരികെ 11 മണിക്ക് എത്തിയപ്പോഴാണ് ആടുകൾ ചത്തുകിടക്കുന്നത്​ കണ്ടത്. കഴിഞ്ഞയാഴ്ച രണ്ട്​ ആടിനെ സമാനരീതിയിൽ കൊന്നിരുന്നു. ആദ്യമെ അവരുടെ രണ്ട് വളർത്തുനായെ പകൽ പിടിച്ചുകൊണ്ടു പോയിരുന്നു. സംഭവം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കർഷകരുടെ പരാതിയിൽ കൂടുതൽ നടപടി ആവശ്യപ്പെട്ടാണ് കർഷക സംഘടനയായ കിഫായുടെ നേതൃത്വത്തിൽ ചിറ്റാർ സ്റ്റേഷനിൽ ചത്ത ആടുകളെ കെട്ടിത്തൂക്കി പ്രതിഷേധം നടന്നത്. പിന്നീട് നഷ്ടപരിഹാരം ലഭ്യമാക്കാം എന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.