കോമളത്ത് യാത്രമാർഗമില്ല; പ്രതിഷേധ വാഹന സർവിസ് ഇന്ന്

മല്ലപ്പള്ളി: പാലം ഒലിച്ചുപോയ കോമളം- വെണ്ണിക്കുളം റൂട്ടിൽ പകരം യാത്രസൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് പൗരാവലിയും പ്രവാസി കൂട്ടായ്മയും മറ്റ് സംഘടനകളും ചേർന്ന് വ്യാഴാഴ്ച വാഹന സർവിസ് നടത്തും. രാവിലെ 7.30ന് കോമളത്തുനിന്ന് പുറപ്പെടും. പോരിട്ടീക്കാവ്, കറുത്തവടശ്ശേരിക്കടവ്, തൃക്കയിൽ ക്ഷേത്രം, കവുങ്ങും പ്രയാർ വഴി വെണ്ണിക്കുളത്ത് സമാപിക്കും. കഴിഞ്ഞ ഒക്ടോബർ 16നുണ്ടായ വെള്ളപ്പൊക്കത്തിലാണ് കോമളം പാലത്തിന്റെ സമീപപാത ഒലിച്ചുപോയത്. ഇതേ തുടർന്ന് പാലം ഉപയോഗശൂന്യമായി. കോമളം, അമ്പാട്ടുഭാഗം, തുരുത്തിക്കാട് പ്രദേശങ്ങളിൽനിന്ന് വെണ്ണിക്കുളത്ത് എത്താനുള്ള മാർഗവും ഇല്ലാതായി. വിദ്യാർഥികളും തൊഴിലാളികളും അടക്കമുള്ള യാത്രക്കാർ ഏറെ ദൂരം സഞ്ചരിച്ചും വലിയ തുക ദിവസവും ചെലവഴിച്ചുമാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഈ സാഹചര്യത്തിൽ ആംബുലൻസ് യാത്രസൗകര്യമുള്ള താൽക്കാലിക പാലം ഉടൻ നിർമിക്കണമെന്ന് കോമളം പൗരാവലിയും പ്രവാസി കൂട്ടായ്മയും ആവശ്യപ്പെട്ടു. കോമളം കടവിൽ കടത്തുവള്ളം വേണം, വെണ്ണിക്കുളത്തേക്ക് സർക്കുലർ ബസ് സർവിസ് അനുവദിക്കണം എന്നീ ആവശ്യങ്ങളും ഭാരവാഹികളായ ഹരികുമാർ വാഴയിൽ, ടി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.