കാട്ടാനകളുടെ വിളയാട്ടം; പേഴുപാറയിൽ വ്യാപക കൃഷിനാശം

വടശ്ശേരിക്കര: പേഴുംപാറ വനമേഖലയിൽനിന്നും ജനവാസ മേഖലയിലേക്ക് കാട്ടാനയിറങ്ങി നിരവധി പേരുടെ കൃഷിയും വീടിന്റെ ചുറ്റുമതിലും തകർത്തു. ചൊവ്വാഴ്ച രാത്രിയാണ് പേഴുംപാറ ചിറയ്ക്കൽ ഭാഗത്ത് കൃഷിഭൂമിയിൽ കാട്ടാനകളുടെ വിളയാട്ടം നടന്നത്​. കൃഷിഭൂമിയി​ലേക്കിറങ്ങിയ രണ്ട് ആനകളാണ് വൻ നാശം വിതച്ചത്. പേഴുംപാറ വെള്ളുമാലിൽ ചെല്ലപ്പൻ, വാഴക്കുന്നത്ത് വി.വി. ഫിലിപ്പോസ്, താഴത്തില്ലത്തു ഫാ. ടി.ടി. ജോർജ് തുടങ്ങിയവരുടെ പുരയിടത്തിലെ വാഴയും തെങ്ങും ഉൾപ്പെടെയുള്ള കാർഷിക വിളകൾ മിക്കതും ആന നശിപ്പിച്ചു. തയ്യിൽ മേപ്പുറത്ത് മനോജിന്റെ പുരയിടത്തിനു ചുറ്റും കെട്ടിയിരുന്ന സംരക്ഷണഭിത്തി തകർത്ത് അകത്തുകടന്നാണ് ആന കാർഷികവിളകൾ നശിപ്പിച്ചത്. ചക്കയുടെ സീസൺ ആയതിനാൽ ആനക്കൂട്ടം ഈ പ്രദേശത്ത് മിക്ക ദിവസവും പലരുടെയും വീട്ടുമുറ്റം വരെ എത്താറുണ്ടെന്ന് പറയുന്നു. ഈ ഭാഗത്തു വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ടായിരുന്നെങ്കിലും അതെല്ലാം പലപ്പോഴായി കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. പടം1 : കാട്ടാന നശിപ്പിച്ച പുരയിടത്തിന്റെ സംരക്ഷണഭിത്തി 2 : കാട്ടാന പ്ലാവിൽനിന്ന്​ പറിച്ചിട്ടിരിക്കുന്ന ചക്ക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.