കാട്ടാന ശല്യം: അട്ടപ്പാടിയിൽ മൂന്ന് പഞ്ചായത്തുകളിലും ആർ.ആർ.ടി ഫോഴ്സ്

അഗളി: അട്ടപ്പാടിയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ശനിയാഴ്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനമാരംഭിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മന്ത്രിയുടെ അധ്യക്ഷതയില്‍ അട്ടപ്പാടി ചീരക്കടവ് കമ്യൂണിറ്റി ഹാളില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. പ്രദേശത്തെ നാല് അക്രമകാരികളായ ആനകളെ തിരിച്ചറിഞ്ഞ് അവയെ തുരത്താൻ വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും.

വനത്തില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളവും ചക്ക, മാങ്ങ തുടങ്ങിയവയും ലഭ്യമാക്കാൻ ജനകീയമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.കാട്ടാനകളെ തുരത്താന്‍ റബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി ലഭ്യമാക്കാന്‍ വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ പ്രത്യേക യോഗം ചേരും.

ഹാങിങ് ഫെന്‍സിങ്ങിനുള്ള സാധ്യതകളും നടപ്പാക്കാന്‍ കഴിയുന്ന ഇടങ്ങളും പരിശോധിക്കും. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ആദിവാസി വാച്ചര്‍മാരെ കൂടുതലായി ഉപയോഗിക്കണം. ട്രെഞ്ചും ഫെന്‍സിങ്ങും പരിപാലിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കും. ഇവ തദ്ദേശ സ്ഥാപനങ്ങള്‍ പരിഗണിക്കണം. ലേസര്‍ ലൈറ്റ്, ടോര്‍ച്ച് എന്നിവ റാപ്പിഡ് റെസ്പോൺസ് ടീമിന് ലഭ്യമാക്കും. വനംവകുപ്പിന് ആവശ്യത്തിന് വാഹനം ലഭ്യമാക്കാന്‍ വനം മന്ത്രിയുമായി ചര്‍ച്ച നടത്തും.

പ്രാദേശികമായ ആളുകളെ ജാഗ്രതാ സമിതിയുടെ ഭാഗമാക്കും. വന്യമൃഗങ്ങളുടെ അക്രമത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കും. ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് താൽക്കാലിക നിയമനം നല്‍കുകയും സ്ഥിര നിയമനം പിന്നീട് പരിഗണിക്കുകയും ചെയ്യും. വന്യമൃഗശല്യം നിയന്ത്രിക്കാന്‍ ശാസ്ത്രീയ മാർഗങ്ങള്‍ക്കൊപ്പം നാട്ടറിവുകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും യോഗത്തില്‍ ആശങ്കകൾ പങ്കുവെച്ചു. യോഗത്തില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, അടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, സി.സി.എഫ് കെ. വിജയാനന്ദ്, ഡി.എഫ് സുര്‍ജിത്, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - wild elephant attack: RRT force in three panchayaths in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.