പന്നി സ്കൂട്ടറിന് കുറുകെ ചാടിയതിനെത്തുടർന്ന് ഗുരുതര പരിക്കേറ്റ കൊല്ലങ്കോട് ട്രഷറി ജീവനക്കാരൻയ മുതലമട ആട്ടയാമ്പതി സ്വദേശി
കെ. രമേഷ്
മുതലമട: കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഇഴയുന്നു. അതേസമയം, പന്നിക്കൂട്ടം നാട്ടിൽ ഇറങ്ങിയതിനെ തുടർന്നുള്ള അപകടങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം നെന്മാറ, കൊല്ലങ്കോട് മേഖലയിൽ മാത്രം കാട്ടുപന്നി ഇരുചക്ര വാഹനത്തിലിടിച്ച് 14 അപകടങ്ങളിൽ 18 പേർക്ക് പരിക്കേറ്റു.
പൊൽപ്പുള്ളി കൂളിമുട്ടം മാരിയമ്മൻകോവിലിന് സമീപ പന്നി സ്കൂട്ടറിനു കുറുകെ ചാടിയതിനെത്തുടർന്ന് ട്രഷറി ജീവനക്കാരനായ മുതലമട ആട്ടയാമ്പതി കെ. രമേഷിന് (39)പരിക്കേറ്റിരുന്നു. തോളെല്ലിൽ മൂന്നുപൊട്ടൽ ഉണ്ടായതിനെ തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. പട്ടഞ്ചേരി, കൊല്ലങ്കോട്, വടവന്നൂർ, കൊടുവായൂർ, മുതലമട എന്നീ മേഖലകളിൽ ഒരാഴ്ചക്കിടെ 13ലധികം അപകടങ്ങൾ പന്നികൾ കാരണം സംഭവിച്ചിട്ടുണ്ട്.
നാട്ടിൻപുറങ്ങളിൽ വർധിച്ചു വരുന്ന പന്നികളെ നിയന്ത്രിക്കുന്നതിന് വനം വകുപ്പ് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയതോടെ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് പന്നികളുടെ എണ്ണം വർധിച്ചതെന്ന് കർഷകർ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ടില്ലെന്ന പേരിൽ ഷൂട്ടർമാർക്ക് വേതനം നൽകുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷം കുറക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് പഞ്ചായത്തുകൾക്ക് ഇതിനായി ഒരു ലക്ഷം രൂപ വരെ പ്രതിവർഷം ചെലവഴിക്കാനുള്ള അനുമതിയും നൽകിയിരുന്നു.
എന്നാൽ പഞ്ചായത്തുകൾ ഫണ്ട് ലഭ്യമായില്ലെന്നും മറ്റും പറഞ്ഞ് കഴിഞ്ഞ നാലുവർഷമായി ഷൂട്ടർമാർക്ക് പ്രതിഫലം നൽകു ന്നില്ല. ഇതോടെ നാട്ടിലിറങ്ങി കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ കർഷകർ പിരിവെടുത്ത് തുക സമാഹരിച്ചാണ് അംഗീകൃത ഷൂട്ടർമാർക്ക് വാഹനം ഏർപ്പാടാക്കി നൽകുന്നത്. സർക്കാർ മാനദണ്ഡ പ്രകാരം ജഡം സംസ്കരി ക്കുന്നത് ഈ നിലയിലാണ്. വനം വകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാർ ഒരു പഞ്ചായത്തിൽ അഞ്ചു പേർ വേണമെന്ന കർഷകരുടെ ആവശ്യം ഉണ്ടെങ്കിലും നടപ്പായില്ല. ലൈസൻസുള്ള തോക്കുടമകളുടെ ക്ഷാമം പരിഹരിച്ചിട്ടുമില്ല. പന്നികളുടെ നിയന്ത്രണം വനം വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.