പാലക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര നേട്ടംകുറിച്ച ജില്ലയിൽ തുടർ പഠനത്തിന് ആവശ്യമായ സീറ്റുകളില്ല. ഇൗ വർഷം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച 38,518 പേരിൽ 25 ശതമാനത്തിലധികം പേർ തുടർ പഠനത്തിനായി മറ്റു വഴികൾ തേടേണ്ടിവരും. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.35 ശതമാനം കുട്ടികളാണ് ജില്ലയിൽ വിജയിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിത്. എന്നാൽ, ഇത്രയും കുട്ടികൾക്ക് ഉപരിപഠനത്തിന് ആവശ്യമായ സീറ്റുകൾ ഹയർ സെക്കൻഡറി മേഖലയിലില്ല. ജില്ലയിൽ 131 സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലായി 483 ബാച്ചുകളിലായി 24,150 പ്ലസ് വൺ സീറ്റുകൾ മാത്രമാണുള്ളത്. 20 ശതമാനം സീറ്റുകളുടെ ആനുപാതിക വർധന വരുത്തിയാലും പൊതുവിദ്യാലയങ്ങളിൽ ആകെയുള്ള സീറ്റുകൾ 28,980 എണ്ണമേ ആകുന്നുള്ളൂ.
പൊതുവിദ്യാലയങ്ങളിൽ രണ്ടെണ്ണം കേൾവി പരിമിതർക്കുള്ള സ്പെഷൽ സ്കൂളും നാലെണ്ണം ആദിവാസി, പട്ടികജാതി വിഭാഗങ്ങൾക്കുള്ള റെസിഡൻഷ്യൽ സ്കൂളുകളുമാണ്. ബാക്കി 125 സ്കൂളുകളിലേ പൊതുവിഭാഗങ്ങൾക്ക് പ്രവേശനം സാധ്യമാവുകയുള്ളൂ. 24 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 83 ബാച്ചുകളും 4117 സീറ്റുകളും ഉണ്ടെങ്കിലും ഇതിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം. പാവപ്പെട്ട കുട്ടികൾക്ക് അൺ എയ്ഡഡ് പഠനം താങ്ങാൻ പറ്റാത്തതാണ്. നിലവിലെ സാഹചര്യത്തിൽ സി.ബി.എസ്.ഇ ഫലംകൂടി പുറത്തുവന്നാൽ സീറ്റ് ക്ഷാമം രൂക്ഷമാവും. വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്തിരിക്കുന്നത്. ഇത്തവണ 9083 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്. ഇവർക്കുപോലും തുടർപഠനത്തിന് വീടിന് സമീപത്തുള്ള സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയത്തിന് പ്രവേശനം ലഭിക്കാനുള്ള സാധ്യതയില്ല.
ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ സയൻസിന് 228ഉം ഹ്യുമാനിറ്റീസിന് 111ഉം കോമേഴ്സിന് 144ഉം ബാച്ചുകളേയുള്ളൂ. സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ ഏതാനും വർഷമായി 20 ശതമാനം സീറ്റുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കിവരുന്നുണ്ട്. ഇൗ വർഷവും ഇത് ഉണ്ടാകുമെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഇൗ വർധന ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 50 കുട്ടികൾ പഠിക്കേണ്ട ക്ലാസിൽ ഇതോടെ 60 പേരാണ് പഠിക്കുന്നത്.
എണ്ണം കൂടുേമ്പാൾ അധ്യാപകർക്ക് കുട്ടികളെ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. അതേസമയം, 25 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 69 ബാച്ചുകളിലായി 2070 കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കുമെന്നത് ആശ്വാസമാണ്. സർക്കാർ മേഖലയിൽ, കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്നും ഉയരുന്നുണ്ട്. മുഴുവൻ വിദ്യാർഥികൾക്കും ഇഷ്ടപ്പെട്ട കോമ്പിനേഷൻ എടുത്ത് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ സീറ്റ് ക്ഷാമം ഉയർത്തി പ്രക്ഷോഭരംഗത്തുള്ള ഫ്രറ്റേണിറ്റി മൂവ്മൻറിെൻറ നേതൃത്വത്തിൽ അവകാശ പ്രഖ്യാപന യാത്ര നടത്തിയിരുന്നു.
ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഫ്രേറ്റണിറ്റി ജില്ല ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.