വാഹന പാർക്കിങ്: യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസില്‍ ഇരട്ടി വര്‍ധന. പാര്‍ക്കിങ് കരാര്‍ പുതുക്കിയതിന്‍റെ ഭാഗമായാണ് വര്‍ധന നിലവില്‍വന്നത്. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ആദ്യത്തെ നാല് മണിക്കൂറിന് നാലു രൂപയായിരുന്നത് 12 രൂപയായി. 12 മണിക്കൂര്‍ വരെ 18 രൂപ, 24 മണിക്കൂര്‍ വരെ 25 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നാലുചക്ര വാഹനങ്ങള്‍ക്ക് ഇത് യഥാക്രമം 25, 50, 95 എന്നിങ്ങനെയാണ്. മിനിമം 10 രൂപയുണ്ടായിരുന്നതാണ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോ 24 മണിക്കൂറിനും 120 രൂപ അധികം നല്‍കണം.

റെയില്‍വേ സ്റ്റേഷനില്‍ സര്‍വിസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസും ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 2000 രൂപ എന്നത് 4000 രൂപയായാണ് വര്‍ധിപ്പിച്ചത്. ജോലിയാവശ്യാര്‍ഥവും മറ്റും വാഹനങ്ങള്‍ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് വര്‍ധന കനത്ത ഭാരമാണ്. കോവിഡിന് മുമ്പുവരെ ഉണ്ടായിരുന്ന ട്രെയിനുകളിലെ പാസഞ്ചർ നിരക്ക് ഇനിയും റെയിൽവേ പുനഃസ്ഥാപിക്കാത്തതിനാൽ പാസഞ്ചർ ട്രെയിനുകളിൽ പോലും ഉയർന്ന നിരക്ക് നൽകിയാണ് യാത്ര ചെയ്യുന്നത്.

പാർക്കിങ് ഫീസും യാത്രനിരക്കും വർധിച്ചതോടെ തുച്ഛവേതനക്കാരായ സാധാരണക്കാരാണ് ഏറെ ദുരിതത്തിലായത്. വിദൂര സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന പലരും യാത്രക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താണ് ഇവരുടെ യാത്ര. ആയിരത്തിലധികം പേരാണ് ദിവസേന റെയില്‍വേയുടെ പാര്‍ക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നതെങ്കിലും ഉയര്‍ന്ന നിരക്ക് യാത്രക്കാരെ വലക്കുന്നു. പണം കൊടുത്താലും അടിസ്ഥാനസൗകര്യമൊന്നും ഇവിടെയില്ല. പണം നൽകി നിർത്തിയിടുന്ന വാഹനങ്ങൾ എടുക്കുന്നതുവരെയും വെയിലും മഴയും കൊണ്ടാണ് കിടപ്പ്.

മരത്തണൽ കണ്ടെത്തി അവിടെ പാർക്ക് ചെയ്താൽ കൊക്കും കാക്കയും കാഷ്ഠിച്ച് വാഹനം വൃത്തികേടാവും. റെയിൽവേയാണ് മേൽക്കുര നിർമിക്കേണ്ടതെന്നാണ് കരാറുകാർ പറയുന്നത്. ഇരുചക്രവാഹനങ്ങളില്‍നിന്ന് പെട്രോള്‍ മോഷണം പോകുന്നതും പതിവാണ്. റെയില്‍വേയില്‍നിന്ന് കരാറെടുത്തവര്‍ ജി.എസ്.ടി നല്‍കണമെന്നതിനാല്‍ ജി.എസ്.ടി നിരക്കുൾപ്പെടെയാണ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്.  

Tags:    
News Summary - Vehicle parking: Railways robbing passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.