വസന്ത തയ്പെയിലേക്കുള്ള യാത്രക്കിടെ ചെന്നൈയിൽ
വടക്കഞ്ചേരി: ആശങ്കകൾക്കൊടുവിൽ രാജ്യത്തിന്റെ സുവർണപ്രതീക്ഷകളുമായി വസന്ത പുറപ്പെട്ടു. തായ് വാനിലെ തായ്പെയ് സിറ്റിയിൽ നടക്കുന്ന വേൾഡ് ഗെയിംസ് ആൻഡ് അത് ലറ്റിക്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മൊടപ്പല്ലൂർ മണലിപ്പാടം സ്വദേശിനി വസന്ത മത്സരിക്കുക. 18 നാണ് ഗെയിംസ് മത്സരങ്ങൾ തുടങ്ങുക. 20 മുതൽ 23 വരെയാണ് വസന്ത പങ്കെടുക്കുന്ന മത്സരങ്ങൾ. 800, 400 മീറ്റർ റണ്ണിങ്, 800,400 മീറ്റർ ഹഡിൽസ്, ട്രിപ്പിൾ ജമ്പ്, ഹാൻഡ് ബാൾ എന്നിങ്ങനെ ആറിനങ്ങളിലാണ് മത്സരിക്കുക. മാസ്റ്റേഴ്സ് മത്സരങ്ങളിൽ കേരളത്തിൽ നിന്ന് 120 പേരാണ് പങ്കെടുക്കുന്നത്. 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
യാത്രയെക്കുറിച്ച് അവസാനനിമിഷം വരെ ആശങ്കയുണ്ടായിരുന്നതായി വസന്ത പറഞ്ഞു. യാത്രചെലവിലേക്ക് രണ്ട് ലക്ഷം രൂപ ആവശ്യമുണ്ടെന്ന ‘മാധ്യമം’ വാർത്ത കണ്ട് നിരവധി പേർ സഹായിച്ചു. കൂടാതെ വായ്പകളും സംഘടിപ്പിച്ചു. അറുപതിനായിരം രൂപയുടെ കുറവ് തൽക്കാലം അസോസിയേഷൻ വഹിക്കാമെന്നും മടങ്ങിയെത്തി ഒരു മാസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയെന്നുമുള്ള ധാരണയിലാണ് യാത്ര സാധ്യമായത്.
2023 ൽ ദക്ഷിണകൊറിയയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ലോങ് ജമ്പ്, ട്രിപ്പിൾ ജമ്പ്, 4×400 റിലെ എന്നിവയിൽ സ്വർണം നേടിയ വസന്ത ദുബൈയിൽ നടന്ന ഏഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ 200,400, ട്രിപ്പിൾ ജമ്പ് എന്നിവയിൽ സ്വർണമെഡലും ലോങ്ങ് ജമ്പിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.