വടക്കഞ്ചേരിയിൽ പേവിഷബാധ സ്ഥിരീകരിച്ചു

വടക്കഞ്ചേരി: മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായി തുടരുന്നതിനിടെ, പുളിമ്പറമ്പിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത് കടുത്ത ആശങ്കക്കിടയാക്കി. പുളിമ്പറമ്പ് വിശാലത്തിനാണ് (55) തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ കടിയേറ്റത്. വീടിനു മുന്നിലെ ചായ്പിൽ കട്ടിലിൽ കിടക്കുകയായിരുന്ന വിശാലത്തിന്റെ ഇടതു കൈയിൽ ഓടിയെത്തിയ നായ കടിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളെത്തി നായെ ഓടിച്ചു. കൈയിൽ ആഴത്തിൽ മുറിവേറ്റ വിശാലത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുപലരെയും കടിക്കാൻ ശ്രമിച്ച നായെ നാട്ടുകാർ തല്ലിക്കൊന്നു. വടക്കഞ്ചേരി വെറ്ററിനറി സർജൻ ഡോ. പി. ശ്രീദേവിയുടെ നേതൃത്വത്തിൽ നായുടെ ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചതിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വീട്ടമ്മക്ക് പുറമെ, സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് ഭീതി വർധിപ്പിച്ചു. ഈ നായുടെ കടി ഏൽക്കുകയോ സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുള്ളവർ എത്രയും പെട്ടെന്ന് തുടർ ചികിത്സ തേടണമെന്ന് ഡോ. പി. ശ്രീദേവി അറിയിച്ചു. തെരുവുനായ് ശല്യം രൂക്ഷമായതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

തെരുവുനായ് ആക്രമണം പതിവാകുമ്പോഴും പഞ്ചായത്ത് അധികൃതർ കാര്യമായ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. പലർക്കും കടിയേറ്റതും നായ്ക്കൾ കൂട്ടമായി വിഹരിക്കുന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. തെരുവുനായ് ശല്യം അവസാനിപ്പിക്കാൻ ഉചിതമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയും മറ്റ് സംഘടനകളും നേരത്തെ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.

Tags:    
News Summary - Rabies confirmed in Vadakkancherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.