വിദ്യാർഥിയെ ബസിൽനിന്ന് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കണ്ടക്ടറും ഡ്രൈവറും മറ്റും
ചേർന്ന് ഇറക്കുന്നു
വടക്കാഞ്ചേരി: യാത്രാമധ്യേ ബസിൽ വിദ്യാർഥി കുഴഞ്ഞുവീണപ്പോൾ സർവിസ് നിർത്തിവെച്ച് ആശുപത്രിയിലെത്തിച്ച് മാതൃകയായി സ്വകാര്യ ബസ് ജീവനക്കാർ. തൃശൂർ-ഷൊർണൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘മേജോമോൻ’ ബസിലെ ജീവനക്കാരാണ് ലാഭചിന്തകൾക്കപ്പുറം മനുഷ്യത്വത്തിന് വില നൽകി നാടിന്റെ പ്രശംസയേറ്റുവാങ്ങിയത്.
തൃശൂരിൽനിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ബസ് വിയ്യൂർ പിന്നിട്ടപ്പോഴാണ് സംഭവം. ബസിലുണ്ടായിരുന്ന 22 വയസ്സുള്ള വിദ്യാർഥിക്ക് അപസ്മാരം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും സമയോചിതമായി ഇടപെട്ട കണ്ടക്ടർ തിരുവില്വാമല സ്വദേശി വനീഷും ഡ്രൈവർ കിള്ളിമംഗലം സ്വദേശി സലീമും വിദ്യാർഥിയുടെ ജീവന് പ്രഥമ പരിഗണന നൽകി.
മറ്റ് യാത്രക്കാരെ തിരൂരിൽ ഇറക്കി, അവർക്ക് ബദൽ യാത്രാസൗകര്യത്തിനുള്ള പണം നൽകിയ ശേഷം ബസ് നേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. സമയനഷ്ടമോ ട്രിപ്പ് മുടങ്ങുന്നതിലെ നഷ്ടമോ പരിഗണിക്കാതെ അതിവേഗം വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിയശേഷം, ബസിലെ സ്ഥിരം യാത്രക്കാരനെ തുടർചികിത്സാ കാര്യങ്ങൾ ഏൽപ്പിച്ചു. വിദ്യാർഥിയുടെ വീട്ടുകാരെ വിവരമറിയിച്ച ശേഷമാണ് ജീവനക്കാർ സർവിസ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.