കിരൺ, നന്ദു
വാഹന പരിശോധനക്കിടെ തോക്കുമായി രണ്ട് യുവാക്കൾ പിടിയിൽ
പാലക്കാട്: കടുക്കാംകുന്നത്ത് തോക്കുമായി രണ്ട് യുവാക്കൾ പിടിയിൽ. അകത്തേത്തറ ചേറങ്ങാട്ട് കാവ് മുനിക്കോടത്ത് വീട്ടിൽ കിരൺ (26), മലമ്പുഴ എസ്.പി ലൈൻ, ഇറിഗേഷൻ ക്വാർട്ടേഴ്സ് നന്ദു (26) എന്നിവരെയാണ് 7.65 എം.എം പിസ്റ്റളുമായി വാഹന പരിശോധനക്കിടെ മലമ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകീട്ട് ആറിന് കടുക്കാംകുന്നം ഭാഗത്ത് പൊലീസ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ പാലക്കാട് ഭാഗത്തുനിന്നും മലമ്പുഴ ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു ഇരുവരും. പരിശോധന കണ്ട് വേഗം തിരിച്ചുപോകാനൊരുങ്ങിയ ഇവരുടെ ബൈക്ക് വീഴുകയും പിറകിലിരുന്നയാൾ ചാടിയിറങ്ങുകയും ചെയ്തു. ഇത് കണ്ട പൊലീസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് തോക്ക് കണ്ടെത്തിയത്.
ഇരുവരും 10 ദിവസം മുമ്പ് ബിഹാർ, ഒഡിഷ ഭാഗങ്ങളിൽ പോയിരുന്നുവെന്നും ഒരു ഒഡിഷ സ്വദേശിയിൽനിന്നാണ് പിസ്റ്റൾ വാങ്ങിയതെന്നും പ്രാഥമികാന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു. നന്ദു മലമ്പുഴ പൊലീസ് സ്റ്റേഷനിലെ മാല പിടിച്ചുപറി കേസിലെ പ്രതിയാണ്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത തോക്ക് ശാസ്ത്രീയ പരിശോധന നടത്തി ലഭിച്ച ഉറവിടം കണ്ടെത്താനും കൂടുതൽ പരിശോധന നടത്താനുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ അബ്ദുൽ കലാം, എ.എസ്.ഐമാരായ രമേശ്, പ്രകാശൻ, എസ്.സി.പി.ഒ പ്രസാദ് എന്നിവരാണ് വാഹന പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ എം. സുജിത് തുടരന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.