ഒറ്റപ്പാലത്തെ വിവിധ മേഖലകളിൽ നിന്ന് ശേഖരിച്ച കിണർ ജലം ലാബിൽ പരിശോധിക്കുന്നു
ഒറ്റപ്പാലത്ത് ജലസ്രോതസുകളിൽ കോളിഫോം; വിശദ പരിശോധന വേണമെന്ന് പഠനം
ഒറ്റപ്പാലം: ഒറ്റപ്പാലം മേഖലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച കിണർ ജല സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. 23 സാമ്പിളുകളിൽ 16 എണ്ണത്തിലും കോളിഫോം സാന്നിധ്യമുണ്ട്. ഇതോടെ പ്രദേശത്തെ ജലസ്രോതസുകളുടെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
വരോട് കെ.പി.എസ്.എം.എം വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് പ്രാഥമിക പഠനം നടത്തിയത്. പാലപ്പുറം, ഭാരതപ്പുഴ പ്രദേശം, വരോട്, ഒറ്റപ്പാലം നഗരസഭ ഓഫിസ് വാർഡ് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച 23 ജലസാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഒറ്റപ്പാലം എൻ.എസ്.എസ് കോ്ജിലെ ലബോറട്ടറിയിൽ കോളജിലെ കെമിസ്ട്രി അധ്യാപിക ഡോ. പ്രിയയുടെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. ഭാരതപ്പുഴ പ്രദേശത്തുനിന്ന് ശേഖരിച്ച ആറ് സാമ്പിളുകളിൽ അഞ്ചെണ്ണത്തിലും (83.3 ശതമാനം) കോളിഫോം സാന്നിധ്യം കണ്ടെത്തി. വരോട് പ്രദേശത്തുനിന്നുള്ള അഞ്ച് സാമ്പിളുകളും പോസിറ്റീവായി. ഇവിടെ പോസിറ്റീവ് നിരക്ക് 100 ശതമാനമാണ്.
ഒറ്റപ്പാലം മുനിസിപ്പാലിറ്റി ഓഫിസ് വാർഡിൽനിന്ന് ശേഖരിച്ച പത്ത് സാമ്പിളുകളിൽ അഞ്ചെണ്ണം പോസിറ്റീവായി (50 ശതമാനം). പാലപ്പുറം മേഖലയിൽനിന്ന് ശേഖരിച്ച രണ്ട് സാമ്പിളുകളിൽ ഒന്നിലും കോളിഫോം കണ്ടെത്തി. നാല് മേഖലകളിലെയും ഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ വരോടാണ് ഏറ്റവും ഉയർന്ന പോസിറ്റീവ് നിരക്കുള്ളത്. ജലത്തിന്റെ സൂക്ഷ്മജീവി ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകങ്ങളിലൊന്നാണ് കോളിഫോം ബാക്ടീരിയകൾ. ഇവയുടെ സാന്നിധ്യം ജലത്തിൽ മലിനീകരണ സാധ്യതയുണ്ടെന്ന സൂചന നൽകുന്നു. എന്നാൽ, കോളിഫോം സാന്നിധ്യം മാത്രം മലമൂത്ര മലിനീകരണം സ്ഥിരീകരിക്കുന്നില്ല. അതിന് ഇ. കോളി ഉൾപ്പെടെയുള്ള സൂചകങ്ങളുടെ പ്രത്യേക പരിശോധന ആവശ്യമാണ്.
പ്രാഥമിക പഠനത്തിലെ കണ്ടെത്തലുകൾ പ്രദേശത്തെ കിണറുകളുൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ കൂടുതൽ സമഗ്രമായ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. ജലസ്രോതസുകളുടെ സംരക്ഷണം, മലിനീകരണ നിയന്ത്രണം, സുരക്ഷിതമായ കുടിവെള്ള ലഭ്യത എന്നിവ സംബന്ധിച്ച് വിദ്യാർഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കാനും പഠനം ലക്ഷ്യമിടുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ടി.പി. പ്രദീപ് കുമാർ, സുവോളജി അധ്യാപകൻ ഷാജി താഴത്തുവീട്, വിദ്യാർഥികളായ എ. ആതിര, കെ കീർത്തന എന്നിവർ പഠനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.